വരും വെർച്വൽ സ്റ്റുഡിയോ: സർക്കാരിന്റെ പച്ചക്കൊടി
കൊച്ചി: ദളിത്, പിന്നാക്ക വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരെ വിവിധ മത്സരപ്പരീക്ഷകൾക്ക് പ്രാപ്തരാക്കാൻ വൻകിട ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പോലെ വെർച്വൽ സ്റ്റുഡിയോ നിർമ്മിക്കാൻ സർക്കാരിന്റെ പച്ചക്കൊടി. തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിലായിരിക്കും പ്രധാന സ്റ്റുഡിയോ. ആദ്യഘട്ടം പൂർത്തിയായാൽ എല്ലാ നിയോജകമണ്ഡലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. മന്ത്രിയായിരിക്കെ കെ. രാധാകൃഷ്ണൻ എം.പി. വിഭാവനം ചെയ്ത പദ്ധതിയാണ് യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നത്.
സംസ്ഥാനത്ത് വകുപ്പിന് കീഴിൽ നാല് പ്രീ എക്‌സാമിനേഷൻ സെന്ററുകളുണ്ട്. തിരുവനന്തപുരം മണ്ണന്തല, എറണാകുളം ആലുവ, പാലക്കാട് കുഴൽമന്ദം, കോഴിക്കോട് എന്നിവിടങ്ങളിലാണ് സെന്ററുകൾ. അപേക്ഷകരിൽ 30 പേർക്ക് മാത്രമേ ഇവിടെ പ്രവേശനം ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ വെർച്വൽ ട്രെയിനിംഗ് സെന്ററിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് വിശദപദ്ധതി സർക്കാരിന് സമർപ്പിക്കുകയായിരുന്നു.
മുൻകൂട്ടി ചിത്രീകരിച്ച ക്ലാസുകൾ കൃത്യനിഷ്ഠയോടെ സംപ്രേഷണം ചെയ്യും. കുട്ടികൾക്ക് സെന്ററുകളിൽ നേരിട്ടെത്തിയോ സ്മാർട്ട് ഫോണിലൂടെയോ ക്ലാസുകളിൽ കയറാം. പുറമേ സാധാരണ രീതിയിലുള്ള ക്ലാസുകളും ഉണ്ടായിരിക്കും. ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺസോഴ്‌സ് സൊല്യൂഷൻസിന്റെ സ്റ്റുഡിയോ ഉപയോഗപ്പെടുത്തിയും പ്രീ റെക്കോർഡിംഗ് ക്ലാസുകൾ നടത്താനുള്ള സാദ്ധ്യതയും വകുപ്പ് പരിശോധിക്കുന്നുണ്ട്.
ഫ്രീയാണ് പഠനം ചെലവ് ഉയരുമ്പോഴും പഠനത്തിന് പത്ത് പൈസ പോലും ഈടാക്കില്ല. പഴയ മാതൃക തുടരും. സ്വകാര്യ സ്ഥാപനങ്ങളിൽ ഓരോ കോഴ്‌സിനും പതിനായിരം രൂപ മുതലാണ് ഫീസ്. ദളിത് -പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് മികച്ച ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം.
നിലവിൽ പദ്ധതിയുടെ ഫയൽ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സാഹചര്യമായതിനാൽ ഇത് പൂർത്തിയാകുന്ന മുറയ്ക്ക് രണ്ടാംഘട്ട നടപടികളിലേക്ക് കടക്കും. എത്രയും വേഗം സ്റ്റുഡിയോയടക്കം നിർമ്മിച്ച് ക്ലാസുകൾ ആരംഭിക്കുകയാണ് ലക്ഷ്യം.
പട്ടികജാതി പട്ടികവർഗ വകുപ്പ്
ക്ലാസുകൾ പി.എസ്.സി. യു.പി.എസ്.സി. ആർ.ആർ.ബി. എസ്.എസ്.സി. സി.ഐ. ടൈപ്പിസ്റ്റ് സ്റ്റെനോഗ്രാഫർ