കളക്ടർക്ക് വക്കീൽ നോട്ടീസ്

Wednesday 19 November 2025 2:48 AM IST

കൊച്ചി: മറൈൻ ഡ്രൈവ് വൃത്തിയായി സൂക്ഷിക്കുന്നതിൽ വീഴ്ച ഉണ്ടായാൽ പരാതി ഉന്നയിക്കാനുളള ടെലിഫോൺ നമ്പർ, ഇ -മെയിൽ വിലാസം,സാമൂഹിക മാദ്ധ്യമ സൗകര്യം എന്നിവയുടെ വിവരങ്ങൾ പത്രമാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാത്തതിനാൽ ജില്ല കളക്ടർ അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസയച്ച് ഹർജിക്കാരൻ. ചിറ്റൂർ റോഡിൽ താമസിക്കുന്ന രഞ്ജിത് ജി.തമ്പിയാണ് സീനിയർ അഭിഭാഷകൻ ജാജു ബാബുവിന്റെ ഓഫീസ് വഴി നോട്ടീസ് അയച്ചിരിക്കുന്നത്. നോഡൽ ഓഫീസറായി നിയമിച്ചിരിക്കുന്ന ഫോർട്ടുകൊച്ചി സബ് കളക്ടർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. 15 ദിവസത്തിനകം ഫോൺ നമ്പർ അടക്കം മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നായിരുന്നു സർക്കാർ ഒക്ടോബ‌ർ 30 ന് ഹൈക്കോടതിയിൽ അറിയിച്ചത്. ഇത് രേഖപ്പെടുത്തിയായിരുന്നു ഡിവിഷൻബെഞ്ച് കോടതിഅലക്ഷ്യ ഹർജിയിൽ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഫോൺ നമ്പർ അടക്കമുള്ളവ ഇതുവരെ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു.