'എം.ടി :എഴുത്തിന്റെ ആത്മാവ് ' ദൃശ്യശില്പം അരങ്ങേറി
കൊച്ചി: സ്വന്തം കഥാപാത്രങ്ങളായ ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും ഓളവും തീരത്തിലെ ബാപ്പുട്ടിയും സൈനബയും പള്ളിവാളും കാൽചിലമ്പിലെ വെളിച്ചപ്പാടും രണ്ടാമൂഴത്തിലെ ഭീമനും ദ്രൗപദിയും അക്കൽദാമയിലെ യൂദാസും എം.ടിയുമായി സംവദിച്ച, 'എം.ടി: എഴുത്തിന്റെ ആത്മാവ് ' എന്ന ദൃശ്യശില്പം പ്രേക്ഷകർക്ക് വേറിട്ടൊരു കലാവിരുന്നായി. എം.ടിയും ഒരു പ്രധാന കഥാപത്രമായി വന്ന്, സ്വന്തം കഥാപാത്രങ്ങളെക്കുറിച്ച് പ്രേക്ഷകരോട് സംവദിച്ചു.
എന്റെ അനുഭവങ്ങളിലൂടെ കടന്നുപോയപ്പോൾ എനിക്കുചുറ്റും ഞാൻ കണ്ട മനുഷ്യർ, ജീവിതത്തിന്റെ മൗനവേദനകളുമായി സ്വയം ഉരുകിത്തീരുമായിരുന്ന അവരെക്കുറിച്ച് എനിക്ക് പറയണമായിരുന്നു. പറഞ്ഞുകഴിഞ്ഞപ്പോൾ മരണത്തിന് തീണ്ടാൻ കഴിയാത്തവരായി അവർ മാറി. ഇനി ഞാനില്ല, പക്ഷേ ഇവർ ഉണ്ടാകും. കാരണം മഷിപുരണ്ട് പുറത്തേക്ക് ഇറങ്ങിയവരാണിവർ, കഥാപാത്രങ്ങളായി തീർന്ന ജന്മങ്ങൾ എന്ന് നാടകത്തിലെ എം.ടിയുടെ വാക്കുകൾ ജീവിച്ചിരിക്കുന്ന എം.ടിയുടേതെന്നപോലെ പ്രേക്ഷകരുടെ കരഘോഷത്തോടെ ഏറ്റുവാങ്ങി.
ബാങ്ക് ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ ബീമിന്റ 500-ാം പ്രതിമാസ പരിപാടിയായാണ് എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ 'എം.ടി. എഴുത്തിന്റെ ആത്മാവ് ' ടി.ഡി.എം ഹാളിൽ അരങ്ങേറിയത്.
കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് പ്രേമൻ മുച്ചുകുന്ന് സംവിധാനവും ആംസിസ് മുഹമ്മദ് രചനയും നിർവഹിച്ച നാട്യവും നടനവും സംഗീതവും സമന്വയിപ്പിച്ചുള്ള കലാസൃഷ്ടി കോഴിക്കോട് പേരാമ്പ്ര സബർമതി തിയറ്റർ വില്ലേജാണ് വേദിയിൽ അവതരിപ്പിച്ചത്. കേരള കലാമണ്ഡലത്തിലെ 8 നർത്തകിമാരടക്കം 30 കലാകാരന്മാർ പങ്കെടുത്തു.