നാടക കലാകാരൻമാർ സിനിമ നിർമ്മിച്ചു, 21ന് തീയേറ്ററുകളിൽ

Wednesday 19 November 2025 1:52 AM IST

പത്തനംതിട്ട: നാടക കലാകാരൻമാരുടെ സംഘടനയായ സവാക് സിനിമ നിർമ്മിച്ചു. സവാക് ഒഫ് ഇന്ത്യ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച രണ്ട് മണിക്കൂറിലധികം നീളുന്ന കൊമേഴ്സ്യൽ സിനിമ 'ഹെൽപ് ലൈൻ ' 21 ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്റ്റേജിൽ ഒതുങ്ങിനിൽക്കുന്ന നാടകസ്റ്റേജ് കലാകാരന്മാരെ വെള്ളിത്തിരയിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ കലാകാരന്മാരുടെ സംഘടനയായ സവാക് ഒഫ് ഇന്ത്യ വിഭാവനം ചെയ്ത സിനിമയാണിത്. ആശ്രമം ചെല്ലപ്പൻ കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത പെൺകരുത്തിന്റെ കഥ പറയുന്നതാണ് സിനിമ. മൊബൈൽ പ്രണയമാണ് കഥ. ഇന്റീരിയർ സ്ഥാപനമായ സ്റ്റാർ ലൈഫ് ഉടമ കോഴഞ്ചേരി ചെറുകോൽ നല്ലൂർ വീട്ടിൽ രാജീവ് ഗോപാലിന്റെ മകൻ ആരോമൽ ദേവാണ് നായകൻ. ആർക്കിടെക്ടാണ് ആരോമൽ. കോഴിക്കോട് സ്വദേശി ചന്ദന അരവിന്ദാണ് നായിക. 70 ലക്ഷത്തോളം രൂപ ചെലവിലാണ് ചിത്രം നിർമ്മിച്ചത്. തണ്ണീർമുക്കം, തോട്ടപ്പള്ളി മേഖലകളിലായിരുന്നു ചിത്രീകരണം. തോട്ടപ്പള്ളി സുബാഷ് ബാബുവാണ് ഗാനരചന നിർവഹിച്ചത്. മധുബാലകൃഷ്ണൻ, ജാസി ഗിഫ്റ്റ്, ചിത്ര അരുൺ, അഫ്സൽ എന്നിവരാണ് പാടിയത്.

വാർത്താസമ്മേളനത്തിൽ ആശ്രമം ചെല്ലപ്പൻ , തോട്ടപ്പള്ളി സുബാഷ് ബാബു, സലാം അമ്പലപ്പുഴ , ജോസി ഫോക്ലോർ, ആരോമൽ ദേവ്, രാജീവ് ഗോപാൽ എന്നിവർ പങ്കെടുത്തു .