വെബ്‌സൈറ്റുകൾ പണിമുടക്കി, ഉപഭോക്താക്കൾ വലഞ്ഞു
Wednesday 19 November 2025 12:06 AM IST
ഇലോൺ മസ്‌കിന്റെ എക്സ് സേവനങ്ങളും മുടങ്ങി
കൊച്ചി: വെബ് സേവന കമ്പനിയായ ക്ളൗഡ്‌ഫെയറിലുണ്ടായ സാങ്കേതിക തകരാർ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ സ്ഥാപനമായ 'എക്‌സ്' ഉൾപ്പെടെ നിരവധി വെബ്‌സൈറ്റുകളുടെ പ്രവർത്തനം അവതാളത്തിലാക്കി. ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ഉപഭോക്താക്കളെ ബാധിച്ച തകരാർ മണിക്കൂറുകൾ കഴിഞ്ഞിട്ടും പരിഹരിക്കാനായില്ല. ജനപ്രിയ ആപ്പുകളും വെബ്‌സൈറ്റുകളുമായ എക്‌സ്, ജെമിനി, പെർപ്ളെക്‌സിറ്റി, ഓപ്പൺ എ.ഐ. സ്‌പോട്ടിഫൈ, ആമസോൺ വെബ് സർവീസസ് തുടങ്ങിയവയുടെ പ്രവർത്തനങ്ങളും ഇതോടെ തടസം നേരിട്ടു. ട്രാക്കിംഗ് സൈറ്റായ ഡൗൺഡിറ്റക്‌ടർ ഡോട്ട് കോമിൽ ആറായിരത്തിലധികം പരാതികളാണ് ഇന്നലെ വൈകുന്നേരത്തോടെ ലഭിച്ചത്. സാങ്കേതിക തകരാർ മൂലമുണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതിന് നടപടികൾ പുരോഗമിക്കുകയാണെന്ന് ക്ളൗഡ്‌ഫെയർ വക്താവ് പറഞ്ഞു.