ക്രിപ്‌റ്റോയിലെ ആവേശം ഒഴിയുന്നു

Tuesday 18 November 2025 11:08 PM IST

ആറാഴ്ചയിൽ ക്രിപ്‌റ്റോയ്ക്ക് നഷ്‌ടം ആറ് ലക്ഷം കോടി ഡോളർ

കൊച്ചി: ആറ് ആഴ്ചയിൽ ലോകത്തിലെ ക്രിപ്‌റ്റോ കറൻസി നിക്ഷേപകരുടെ ആസ്തിയിൽ 1.2 ലക്ഷം കോടി ഡോളറിന്റെ ഇടിവുണ്ടായി. ഏഴ് മാസത്തിനിടെ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ നാണയമായ ബി‌റ്റ്‌കോയിനിന്റെ മൂല്യം 90,000 ഡോളറിലും താഴെയെത്തി. ഡിജിറ്റൽ ആസ്തി ഇക്കോ സിസ്‌റ്റത്തിൽ ആശങ്ക സൃഷ്‌ടിച്ച് നടപ്പു വർഷം ഇതുവരെ നേടിയ ലാഭമെല്ലാം കഴിഞ്ഞ ദിവസങ്ങളിലെ വിൽപ്പന സമ്മർദ്ദത്തിൽ ഒലിച്ചുപോയി.

ബിറ്റ്‌കോയിനിന്റെ വില ഇന്നലെ രണ്ട് ശതമാനം കുറഞ്ഞ് 89,953 ഡോളറിലെത്തി. കഴിഞ്ഞ വാരം വില 98,000 ഡോളറായിരുന്നു. ഒക്ടോബറിൽ 1.26 ലക്ഷം ഡോളർ വരെ ഉയർന്നതിന് ശേഷമാണ് ബിറ്റ്‌കോയിനിന്റെ വില മൂക്കുകുത്തിയത്.

അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യത മങ്ങിയതും ഇ.ടി.എഫുകളിൽ നിന്നും വലിയ തോതിൽ പണം പിൻവലിക്കുന്നതുമാണ് ക്രിപ്‌റ്റോകൾക്കും തിരിച്ചടിയായത്. ഇതേറിയത്തിന്റെ വില 3,000 ഡോളറലും താഴ്ന്നു.