മോദിയുടെ ഇമോഷണൽ മോഡിൽ ശശി തരൂർ കോൺഗ്രസിന് വീണ്ടും തലവേദന
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പുകഴ്ത്തി കോൺഗ്രസ് എം.പി ശശി തരൂർ രംഗത്തെത്തിയത് കോൺഗ്രസ് നേതൃത്വത്തിന് വീണ്ടും തലവേദനയാകുന്നു. ഡൽഹിയിൽ നടന്ന രാംനാഥ് ഗോയങ്ക അനുസ്മരണ ചടങ്ങിലെ മോദിയുടെ പ്രസംഗത്തെയാണ് തരൂർ പുകഴ്ത്തിയത്. പ്രസംഗം കേൾക്കാൻ സദസ്സിൽ ഉണ്ടായിരുന്നതിൽ സന്തോഷമുണ്ടെന്നും തരൂർ എക്‌സിൽ കുറിച്ചു. കോൺഗ്രസ് നേതൃത്വത്തിന് പ്രഹരമാകുന്ന നിലയിലേക്കാണ് തരൂരിന്റെ പോക്കെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത ശശി തരൂർ ഇന്നലെ എസ്.ഐ.ആറിനെതിരെ കോൺഗ്രസ് നടത്തിയ 12 സംസ്ഥാനങ്ങളിലെ നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തില്ല. പ്രവർത്തക സമിതി അംഗമെന്ന നിലയിൽ തരൂരിന് ക്ഷണമുണ്ടായിരുന്നു. ആരോഗ്യകാരണങ്ങളാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് തരൂരിന്റെ ഓഫീസ് അറിയിച്ചത്.
താൻ എപ്പോഴും തിരഞ്ഞെടുപ്പ് മോഡിലാണെന്നാണ് പലരും കുറ്റപ്പെടുത്തുന്നതെന്നും എന്നാൽ, ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള ഇമോഷണൽ മോഡിലാണ് താൻ എപ്പോഴുമെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞതായി തരൂർ ചൂണ്ടിക്കാട്ടി. വികസനത്തിനായുള്ള ഇന്ത്യയുടെ വ്യഗ്രതയെക്കുറിച്ചും കൊളോണിയൽ കാലത്തിനുശേഷമുള്ള മാനസികാവസ്ഥയിൽ നിന്ന് മുന്നോട്ടുപോകേണ്ടതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
ഇന്ത്യ വളർന്നുവരുന്ന വിപണി മാത്രമല്ല, ലോകത്തിന് മാതൃകയാണെന്നും മോദി പറഞ്ഞതായി തരൂർ കുറിച്ചു. മഹാമാരിയും യുക്രെയിൻ സംഘർഷവും പോലെയുള്ള ആഗോള പ്രതിസന്ധികളിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ പിടിച്ചുനിന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ വിദ്യാഭ്യാസത്തിൽ കൊളോണിയലിസത്തിന്റെ സ്വാധീനത്തെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തിൽ ഊന്നൽ നൽകി. കൊളോണിയൽ മാനസികാവസ്ഥയിൽ നിന്ന് പുറത്തുവരുന്നതിനെക്കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഊന്നലെന്നാണ് തരൂർ കുറിച്ചത്. ഇന്ത്യയുടെ പാരമ്പര്യം, ഭാഷ, വിജ്ഞാന സംവിധാനങ്ങൾ എന്നിവയുടെ പുനഃസ്ഥാപനത്തിനായി 10 വർഷത്തെ ദൗത്യത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതായും തരൂർ എക്‌സിൽ കുറിച്ചു. ഇടയ്‌ക്കിടെ പ്രധാനമന്ത്രി മോദിയെയും കേന്ദ്രസർക്കാരിനെയും പിന്തുണയ്‌ക്കുന്ന തരൂരിന്റെ സമീപനം കോൺഗ്രസിന് തുടർപ്രഹരമാവുകയാണ്. അടുത്തിടെ എൽ.കെ അദ്വാനിയെയും തരൂർ പുകഴ്ത്തിയിരുന്നു.