ദേവസ്വം പ്രസിഡന്റ്, അംഗങ്ങളുടെ സ്വത്തുവിവരം തേടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ 2019 മുതലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും സ്വത്തുവിവരങ്ങൾ ശേഖരിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മറ്റ് പണമിടപാടുകൾ, ഭൂമി വിവരങ്ങൾ എന്നിവയെല്ലാം ശേഖരിച്ചു. മുൻ പ്രസിഡന്റുമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരും അന്വേഷണ പരിധിയിലുണ്ട്.
മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ സെക്രട്ടറിയായിരുന്ന ശ്രീകുമാറിനെ എസ്.ഐ.ടി ചോദ്യം ചെയ്തു. കരാറുകൾ, സ്ഥലംമാറ്റം, നിയമനം എന്നിവയെല്ലാം നിയന്ത്രിച്ചിരുന്നത് ശ്രീകുമാറായിരുന്നെന്നാണ് എസ്.ഐ.ടിക്കുള്ള വിവരം. സംശയ നിഴലിലുള്ള ഏതാനും പേരുടെ ഫോൺവിളി, സമൂഹമാദ്ധ്യമ ഉപയോഗ വിവരങ്ങളും ശേഖരിക്കും. സ്വർണക്കൊള്ളക്കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു പുറമേ ദേവസ്വം ബോർഡ് മുൻ കമ്മിഷണറും മുൻ പ്രസിഡന്റുമായ എൻ.വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ എന്നിവർ റിമാൻഡിലാണ്. മറ്റു പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാകും ഇനിയുള്ള പ്രതികളെ ചോദ്യം ചെയ്യുക. പത്മകുമാറിന് ചോദ്യം ചെയ്യലിന് ഹാജരാവാൻ 2വട്ടം നോട്ടീസ് നൽകിയിട്ടുണ്ട്. പത്മകുമാറിന് എതിരായ കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് എസ്.ഐ.ടി ശ്രമിക്കുന്നത്.