പി.എം ശ്രീ : വിവാദങ്ങൾക്ക് ഇടതിൽ വെടി നിറുത്തൽ

Wednesday 19 November 2025 1:11 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ എൽ.ഡി.എഫിൽ ധാരണ. പദ്ധതി മരവിപ്പിക്കുന്നത് സർക്കാരിൻെ്റ ഔദ്യോഗിക തീരുമാനമാക്കാൻ മന്ത്രിസഭാ ഉപസമിതി കൂടണമെന്ന ആവശ്യം തിരഞ്ഞെടുപ്പിനു ശേഷം സി.പി.ഐ ഉന്നയിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഇനി യാതൊരു തർക്കത്തിനുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അനുകൂല സാഹചര്യമാണെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ്. അതിനിടെ, മുന്നണിക്കുള്ളിലെ തർക്കം പ്രചരണത്തിൽ പ്രതിഫലിക്കാതിരിക്കാനാണ് ശ്രമം . എസ്.ഐ.ആർ വിഷയത്തിൽ സി.പി.എമ്മും, സി.പി.ഐയും സുപ്രീം കോടതിയെ സമീപിക്കും.

പി.എം.ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചതിനു പിന്നാലെ സി.പി.ഐക്കെതിരെ മന്ത്രി വി. ശിവൻകുട്ടി വിമർശനം ഉന്നയിച്ചിരുന്നു. തുടർ ഫണ്ട് ലഭിച്ചില്ലെങ്കിൽ ഉത്തരവാദിത്തം തനിക്കായിരിക്കില്ലെന്നാണ് മന്ത്രി പറഞ്ഞത്. കേന്ദ്രത്തിന് കത്തയച്ചത് മുന്നണി തീരുമാനമായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ ഉപസമിതി കൂടണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു.. ഇക്കാര്യത്തിൽ ആശങ്ക അറിയിക്കുന്നതിന് സി.പി.ഐ മന്ത്രിമാർ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രകടന പത്രിക പുറത്തിറക്കുന്നതിന് മുൻപ് എൽ.ഡി.എഫ് യോഗത്തിൽ ധാരണയായതിനാൽ ഇന്നലെ തുടർ ചർച്ചകൾ ഉണ്ടായില്ല. പി.എം ശ്രീ പദ്ധതി പരിശോധിച്ച് റിപ്പോർട്ട് തയാറാക്കാനാണ് ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്..