ഒരു ചായയും പലഹാരവും ഷമീമയ്‌ക്കൊരു വോട്ടും
കോഴിക്കോട്: കിണാശ്ശേരി നോർത്ത് പള്ളിക്ക് സമീപത്തെ ഒറ്റമുറി ചായക്കടയിൽ കുടുംബം പോറ്റാൻ ഭർത്താവിനൊപ്പം പാടുപെടുന്ന ഷമീമ മുഹ്‌സിനിന് ഇപ്പോൾ സമയം തികയാറില്ല. കോഴിക്കോട് കോർപ്പറേഷനിലെ 33-ാം വാർഡിലെ (പൊക്കുന്ന്) യു.ഡി.എഫ് സ്ഥാനാർത്ഥികൂടിയാണ്. രാവിലെ ആറുമണിക്ക് കടയിലെത്തിയാൽ നെയ്യപ്പം, പഴംപൊരി, ഉള്ളിവട, പൊക്കുവട തുടങ്ങി എണ്ണപ്പലഹാരങ്ങളുണ്ടാക്കണം. തിരക്കേറിയാൽ ചായ അടിക്കണം. അതിനിടെ വോട്ട് ആഭ്യർത്ഥിക്കാൻ സമയം തികയാറില്ല. അതിനാൽ രുചിയുള്ള ചായയ്ക്കും പലഹാരത്തിനുമൊപ്പം വോട്ടും ചോദിക്കുന്നുണ്ട്.
രണ്ടുതവണയായി എൽ.ഡി.എഫ് കുത്തകയാക്കിയ വാർഡ് പിടിക്കാനാണ് മുസ്ലിം ലീഗുകാരിയായ ഷമീമയെ യു.ഡി.എഫ് കന്നിപ്പോരിനിറക്കിയത്.
പാവങ്ങൾക്ക് കൈത്താങ്ങ് വികസനത്തിൽ പിന്നാക്കമാണ് ഞങ്ങളുടെ വാർഡ്. ഇവിടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ പറ്റാവുന്നത് ചെയ്യണമെന്ന ആഗ്രഹമാണ് സ്ഥാനാർത്ഥിയാക്കിയതെന്ന് വനിതാലീഗ് നോർത്ത് ശാഖ സെക്രട്ടറികൂടിയായ ഷമീമ. ചായക്കടയിലെ ജോലിക്കൊപ്പം പാലിയേറ്റീവ് കെയർ പ്രവർത്തകയും മെഡിക്കൽകോളേജിൽ സൗജന്യ ഭക്ഷണം നൽകുന്ന സി.എച്ച് സെന്റർ പ്രവർത്തക കൂടിയാണ്.