കേരള വി.സിയെ തടഞ്ഞ സംഭവം: 200 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്
തിരുവനന്തപുരം: സെനറ്റ് യോഗം കഴിഞ്ഞിറങ്ങിയ കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേലിനെ തടഞ്ഞ സംഭവത്തിൽ 200 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദാണ് ഒന്നാംപ്രതി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദൻ, ജില്ലാ പ്രസിഡന്റ് അവിനാശ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആഷിക്, മനീഷ്, ആദർശ് ചാല, അശ്വിൻ, എസ്.കെ. ആദർശ്, വൈഭവ് ചാക്കോ എന്നിവരാണ് മറ്റ് പ്രതികൾ. കണ്ടാലറിയാവുന്ന 200 പേരെയും പ്രതികളാക്കി. ആറുമാസം മുതൽ മൂന്നു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.
സംഭവത്തിൽ രജിസ്ട്രാർ ഡി.ജി.പിക്ക് പരാതി നൽകിയിട്ടും കേസെടുത്തിരുന്നില്ല. ഗവർണർ ആർ.വി. ആർലേക്കർ ഡി.ജി.പിക്ക് നിർദ്ദേശം നൽകിയതോടെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ 12നുണ്ടായ സംഘർഷത്തിൽ നേമം സ്റ്റേഷനിലെ എ.എസ്.ഐ ഷീജാകുമാരിക്ക് പരിക്കേറ്റിരുന്നു.
ഗവേഷക വിദ്യാർത്ഥിയോട് ജാതിഅധിക്ഷേപം നടത്തിയ ഡീനിനെതിരെ നടപടിയെടുക്കണമെന്നും വി.സിയെ മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം. പൊലീസ് ബാരിക്കേഡ് മറികടന്ന് സർവകലാശാലാ കവാടത്തിലെത്തിയ പ്രതിഷേധക്കാർ വി.സിയെ തടഞ്ഞുവയ്ക്കാൻ ശ്രമിക്കുകയും ഔദ്യോഗിക വാഹനത്തിൽ അടിക്കുകയും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞെന്നും എഫ്.ഐ.ആറിൽ പറയുന്നു. എഫ്.ഐ.ആറിന്റെ പകർപ്പ് കന്റോൺമെന്റ് പൊലീസ് സർവകലാശാലാ രജിസ്ട്രാർക്ക് കൈമാറി.