എസ്.ഐ.ആർ നീട്ടിവയ്‌ക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതു വരെ കേരളത്തിലെ എസ്.ഐ.ആർ നടപടികൾ മാറ്റിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകണം. കണ്ണൂരിലെ ബി.എൽ.ഒ അനീഷ് ജോർജിന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെയാണ് അടിയന്തരസ്വഭാവത്തോടെയുള്ള ഹർജി. തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി ഡിസംബർ 21ന് പുതിയ അംഗങ്ങൾ ചുമതലയേൽക്കും വരെ നീട്ടിവയ്ക്കണമെന്നാണാവശ്യം.
തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആർ നടപടികളും ഒരേസമയം നടത്തുന്നത് ഭരണസ്‌തംഭനമുണ്ടാക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്,സർക്കാർ അഭിഭാഷകൻ സി.കെ.ശശി മുഖേന സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പ് നടപടികളെയും ബാധിക്കും. കേരളത്തിൽ എസ്.ഐ.ആർ നടത്തുന്നതിനെതിരെ പിന്നീട് വിശദമായി ഹർജി നൽകും.
176,000 ഉദ്യോഗസ്ഥരെ തദ്ദേശ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കേണ്ടി വരും. ഭരണതലത്തിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്‌ണർക്ക് കത്തയച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.