തീർത്ഥാടകർക്ക് ആശ്വാസമായി​ ഉച്ചയോടെ കു‌ടിവെള്ളമെത്തി

Wednesday 19 November 2025 12:19 AM IST

ശബരിമല: തിരക്ക് നിയന്ത്രണം പാളിയതിനെ തുടർന്ന് കുടിവെള്ളം പോലും കിട്ടാതെ വലഞ്ഞ ഭക്തർക്ക് ഒടുവിൽ ഉച്ചകഴിഞ്ഞ് ആശ്വാസമായി ചുക്കുവെള്ളവും ബിസ്ക്കറ്റുമെത്തി. കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള ഭക്തർക്ക് പമ്പ മുതൽ സന്നിധാനം വരെ സുലഭമായി ചെറുചൂടോടെയുള്ള കുടിവെള്ളവും ബിസ്‌ക്കറ്റും നൽകി.

നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, ക്യൂ കോംപ്ലക്സ്, മരക്കൂട്ടം, ശരംകുത്തി, നടപ്പന്തൽ, മാളികപ്പുറം, പാണ്ടിത്താവളം, ചരൽമേട് തുടങ്ങിയ ഇടങ്ങളിലെല്ലാം കുടിവെള്ള വിതരണമുണ്ട്. പമ്പയിലും ശരംകുത്തിയിലുമാണ് ചുക്കുവെള്ളം തയ്യാറാക്കുന്നത്. പമ്പയിൽ സാധാരണപോലെ തിളപ്പിച്ചും ശരംകുത്തിയിൽ ബോയിലർ പ്ലാന്റ് പ്രവർത്തിപ്പിച്ചുമാണ് കുടിവെള്ളം തയ്യാറാക്കുന്നത്. ശരംകുത്തിയിൽ നിന്ന് ശബരിപീഠം, നടപ്പന്തൽ എന്നിവടങ്ങളിലേക്ക് പൈപ്പിലൂടെയാണ് കുടിവെള്ളം വിതരണത്തിനായി എത്തുന്നത്.

10 ലക്ഷം ബിസ്‌ക്കറ്റും ഇതിനോടകം വിതരണം ചെയ്തതായും ആവശ്യത്തിന് ബിസ്‌കറ്റ് പാക്കറ്റുകൾ കരുതിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. വരിയിൽ നിൽക്കുന്നവരുടെ അടുത്ത് ഇവ കൃത്യമായി എത്തിക്കുന്നുണ്ട്.

സന്നിധാനത്ത് കുടിവെള്ള വിതരണത്തിനായി 200ലധികം ടാപ്പുകളുമുണ്ട്. തീർത്ഥാടകർക്ക് ഇവയിൽ നിന്ന് വെള്ളം ശേഖരിക്കാം. ഇതോടൊപ്പം വലിയ നടപ്പന്തലിൽ വരിയിൽ നിൽക്കുന്നവർക്ക് ബോട്ടിലിൽ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. നീലിമല മുതൽ പാണ്ടിത്താവളം വരെ മാത്രം കുടിവെള്ള വിതരണത്തിനായി 480 പേരെ തുടക്കത്തിൽ നിയോഗിച്ചിരുന്നു. ഭക്തരുടെ തിരക്ക് കൂടിയതിനെ തുടർന്ന് 200 പേരെ അധികമായി വിന്യസിച്ചിട്ടുണ്ട്.