അൻവറിനായി കോൺഗ്രസിൽ ലീഗ് സമ്മർദ്ദം കടുക്കുന്നു
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് പി.വി. അൻവറിന്റെ തൃണമൂൽ കോൺഗ്രസിനെ യു.ഡി.എഫുമായി സഹകരിപ്പിക്കാൻ മുസ്ലിം ലീഗ് കോൺഗ്രസിനുമേൽ സമ്മർദ്ദം ശക്തമാക്കി. അൻവറിനെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം മലപ്പുറം ജില്ല യു.ഡി.എഫ് കമ്മിറ്റിയോട് അഭിപ്രായം തേടിയിട്ടുണ്ട്. ലീഗ് പച്ചക്കൊടി വീശിയെങ്കിലും ജില്ലയിലെ കോൺഗ്രസ് നേതൃത്വം മനസ്സുതുറന്നിട്ടില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിച്ച അൻവറിനെ മുന്നണിയിലെടുക്കുന്നതിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ ആര്യാടൻ ഷൗക്കത്തിന് ഇപ്പോഴും താത്പര്യമില്ല. നിലമ്പൂർ സീറ്റിൽ അൻവറിന് നോട്ടവുമുണ്ട്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും വണ്ടൂർ എം.എൽ.എയുമായ എ.പി. അനിൽകുമാറിനും പൂർണ മനസ്സില്ല. ഇരുവരെയും അനുനയിപ്പിക്കാൻ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നുണ്ട്. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ പിന്തുണയോടെയാണിത്.
തദ്ദേശതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് പരമാവധി മെമ്പർമാരെ ലക്ഷ്യമിടുന്ന ലീഗിന് അൻവറിന്റെ പിന്തുണ സഹായമാവുമെന്നാണ് കടക്കുകൂട്ടൽ.
തള്ളാനും കൊള്ളാനും വയ്യ
വണ്ടൂർ, നിലമ്പൂർ നിയമസഭ മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ ഭൂരിപക്ഷം ഇടിയുന്ന പശ്ചാത്തലത്തിൽ ലീഗിനെ പിണക്കുന്നതിലെ അപകടം കോൺഗ്രസ് നേതാക്കൾക്കറിയാം. മലപ്പുറത്ത് കോൺഗ്രസ് വിജയിക്കുന്നത് ഇവിടങ്ങളിൽ മാത്രമാണ്. ഐക്യം ഇരുപാർട്ടികളുടെയും നിലനില്പിന് അനിവാര്യമെന്ന ബോദ്ധ്യമുണ്ടാവണമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം സാദിഖലി തങ്ങൾ നൽകിയിരുന്നു.