തീർത്ഥാടകരിൽ നിന്ന് അമിത തുക ഈടാക്കിയ ഡോളിത്തൊഴിലാളികൾ അറസ്റ്റിൽ
പത്തനംതിട്ട : ആന്ധ്രയിൽ നിന്ന് ദർശനത്തിനെത്തിയ തീർത്ഥാടകരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ ഡോളിത്തൊഴിലാളികൾ അറസ്റ്റിലായി. വണ്ടിപ്പെരിയാർ മഞ്ചുമല ഗ്രാംബി എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന വിനോജിത്ത് (35), കുമളി ചെങ്കറ എസ്റ്റേറ്റിലെ ലയത്തിൽ താമസിക്കുന്ന സുമൻരാജ് (34), ഇടുക്കി പാമ്പനാർ സ്വദേശിയായ ലക്ഷ്മി കോവിലിൽ സന്തോഷ് (49), പെരുവന്താനം സ്വദേശിയായ കല്ലുംകുന്നേൽ ഗിരീഷ് (34) എന്നിവരാണ് അറസ്റ്റിലായത്. പമ്പയിൽ നിന്ന് ഡോളിയിൽ ശബരിമല സന്നിധാനത്തെത്തിച്ച് തിരികെ പമ്പയിലെത്തിക്കുന്നതിന് ദേവസ്വം ബോർഡ് നിശ്ചയിച്ചിട്ടുളള അനുവദനീയ തുകയായ 12,500 രൂപ കൂടാതെ 11,500 രൂപ കൂടി അധികമായി കൈപ്പറ്റി കബളിപ്പിച്ചെടുക്കുകയായിരുന്നു. ആന്ധ്രാ ഗുണ്ടൂർ സ്വദേശിയായ വീരങ്കി സാംബവശിവ (42) യാണ് ഡോളിക്കാരുടെ തട്ടിപ്പിനിരയായത്. സംഭവത്തിന് പമ്പ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കിരൺ വി.എസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പമ്പ പൊലീസ് ഇൻസ്‌പെക്ടർ മനോജ് സി.കെ, സബ് ഇൻസ്‌പെക്ടർ കിരൺ വി.എസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജസ്റ്റിൻരാജ് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.