അനുജനിലൂടെ പഠിച്ച ജ്യേഷ്ഠന് ഒന്നാം റാങ്ക്

Wednesday 19 November 2025 1:21 AM IST

കൊല്ലം: എം.കോം പരീക്ഷയിൽ ഒന്നാം റാങ്ക്. റിസൾട്ട് അറിഞ്ഞയുടൻ അഫ്രാരിസ് അനുജൻ സഫ്രാരിസിനെ ഫോണിൽ വിളിച്ചു. പന്തളത്ത് ജോലിത്തിരക്കിലായിരുന്ന സഫ്രാരിസിന് സന്തോഷം അടക്കാനായില്ല. തന്റെ വിയർപ്പിന്റെ ഫലം. ജ്യേഷ്ഠന്റെ പഠനം മുടങ്ങാതി​രി​ക്കാൻ, സ്വന്തം പഠനം പാതി​വഴി​യി​ൽ ഉപേക്ഷി​ച്ച് കൂലി​പ്പണി​ക്കി​റങ്ങിയ സഫ്രാരിസിനുള്ള വിലമതിക്കാനാവാത്ത സമ്മാനം.

2024 ഡിസംബറിലെ നെറ്റ് പരീക്ഷയിൽ ആദ്യ ചാൻസി​ൽ തന്നെ ജെ.ആർ.എഫ് (ജൂനി​യർ റി​സർച്ച് ഫെലോ) നേടി അനുജന്റെ അദ്ധ്വാനത്തോട് നീതിപുലർത്തിയിരുന്നു അഫ്രാരിസ് (24). പിന്നാലെയാണ് എം.കോം റാങ്ക് തിളക്കം. എം.ജി​ യൂണി​വേഴ്സി​റ്റി​യി​ൽ പ്രൈവറ്റായാണ് എം.കോം പഠിച്ചത്. അഫ്രാരി​സി​ന്റെയും രണ്ടു വയസിന് ഇളപ്പമുള്ള സഫ്രാരി​സി​ന്റെയും ജീവി​തകഥ 'കേരളകൗമുദി' നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

 മീൻകച്ചവടം മുതൽ കാറ്ററിംഗ് വരെ

പത്തനാപുരം മാലൂർ കോളേജിന് സമീപം മലശേരി പടിഞ്ഞാറ്റേതിൽ ഷാജിമോന്റെയും ഷീജയുടെയും മക്കളാണ് ഇരുവരും. കുടുംബത്തിന്റെ ആശ്രയമായിരുന്ന അച്ഛൻ ഷാജിക്ക് വാഹനാപകടത്തെ തുടർന്ന് ജോലിക്കുപോകാൻ കഴിയാതെ വന്നതാണ് സഹോദരങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചത്. തൊഴിലുറപ്പ് ജോലിക്ക് പോകുന്ന അമ്മയുടെ വരുമാനത്തിലേക്ക് വീട് ചുരുങ്ങി. പത്താംക്ലാസിൽ മൂന്ന് എ പ്ളസുണ്ടായിരുന്ന സഫ്രാരിസ് പ്ളസ് ടു കഴിഞ്ഞ് എ.സി മെക്കാനിസം പഠിക്കാൻ ചേർന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു കാരണം ജ്യേഷ്ഠന്റെ പഠനം മുടങ്ങുമെന്നായപ്പോൾ പാതിവഴിയിൽ നിറുത്തി. മീൻ കച്ചവടം, പെയിന്റിംഗ്, കാറ്ററിംഗ് തുടങ്ങിയ ജോലികൾ ചെയ്താണ് അഫ്രാരിസിനെ പഠിപ്പിച്ചത്.

ഇനി ഗവേഷണത്തിന് ചേരണം. ഒപ്പം അനുജനെ പഠിപ്പിക്കണം

- അഫ്രാരിസ്