വൈഷ്ണയുടെ പേര് വെട്ടിയ വിവാദം: ഹിയറിംഗ് നടത്തി തീരുമാനം ഇന്ന്

Wednesday 19 November 2025 12:22 AM IST

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്ത വിഷയത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഇന്നറിയാം. ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ ഇന്നലെ നേരിട്ട് ഹിയറിംഗ് നടത്തി.

വൈഷ്ണയുടെയും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന്റെയും പരാതിക്കാരനായ സി.പി.എം പ്രവർത്തകന്റെയും മൊഴിയെടുത്തു. ഇന്നലെ വൈകിട്ട് മൂന്നിന് ആരംഭിച്ച ഹിയറിംഗ്‌ മണിക്കൂറുകൾ നീണ്ടു. ഇന്ന് തീരുമാനം അറിയിക്കാമെന്നാണ് അധികൃതർ അറിയിച്ചതെന്ന് വൈഷ്ണ പറഞ്ഞു. വൈഷ്ണയെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയ നടപടിയിൽ ഇന്നേയ്ക്കകം ഹിയറിംഗ് നടത്തി തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.

ഹിയറിംഗിനായി എത്തുന്നതിനു മുൻപ് രാവിലെ മുട്ടടയിലെ ഒന്നാംവട്ട പ്രചാരണം വൈഷ്ണ പൂർത്തിയാക്കി. ഹിയറിംഗ് കഴിഞ്ഞ് വീണ്ടും പ്രചാരണത്തിനിറങ്ങി.