സിപ്പ് ലൈൻ അപകടമെന്ന് കൃത്രിമ വീഡിയോ നിർമ്മിച്ചയാൾ അറസ്റ്റിൽ

Wednesday 19 November 2025 12:24 AM IST

കൽപ്പറ്റ: വയനാട്ടിൽ സിപ്പ് ലൈൻ അപകടം ഉണ്ടായെന്ന തരത്തിൽ എഐ ഉപയോഗിച്ച് കൃത്രിമ വീഡിയോ നിർമ്മിച്ച ആലപ്പുഴ സ്വദേശി പിടിയിലായി. വയനാട് സൈബർ പൊലീസാണ് ആലപ്പുഴ തിരുവമ്പാടി കൈവേലിക്കകം വീട്ടിൽ കെ. അഷ്‌കറിനെ പിടികൂടിയത്. എസ് എച്ച് ഒ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾനേരത്തെ വധശ്രമം,ആക്രമിച്ച് പരിക്കേൽപ്പിക്കൽ, എൻ.ഡി.പി.എസ് തുടങ്ങിയ കേസുകളിലെ പ്രതിയാണ്. ഒരു സ്ത്രീയും കുട്ടിയും സിപ്പ് ലൈനിൽ കയറുന്നതും അവർ അപകടത്തിൽപ്പെടുന്നതുമായ ദൃശ്യങ്ങളാണ് ഇയാൾ എഐ ഉപയോഗിച്ച് നിർമ്മിച്ച് വ്യാപകമായി പ്രചരിപ്പിച്ചത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സമൂഹത്തിൽ ഭീതി പടർത്തുന്നതും ടൂറിസംമേഖലയെ സാരമായി ബാധിക്കുന്നതുമായ വീഡിയോ ആണ് അഷ്‌കർ അലി റിയാക്ടസ് എന്ന അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്.