ജില്ലാ പഞ്ചായത്ത്: യുവതയ്ക്ക് പ്രധാന്യം, പുതുമോടിയിൽ എൽ.ഡി.എഫ്
പത്തനംതിട്ട : ജില്ലാപഞ്ചായത്തിലെ 17 സീറ്റുകളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പുതുമുഖങ്ങൾക്കും യുവാക്കൾക്കും ഇത്തവണ അവസരം നൽകി. സി.പി.എം പത്ത്, സി.പി.ഐ മൂന്ന്, കേരള കോൺഗ്രസ് -എം രണ്ട്, ആർ.ജെ.ഡി, ജെ.ഡി.എസ് ഒന്നു വീതം മണ്ഡലങ്ങളിൽ മത്സരിക്കും. കോയിപ്രത്തു മത്സരിക്കുന്ന ഡോ.ദീപ മറിയം വർഗീസ് സംസ്ഥാന ആസൂത്രണ ബോർഡംഗവും ആർ ജെ ഡി നേതാവുമായ ഡോ.വർഗീസ് ജോർജിന്റെ മകളാണ്. സി പി എം സ്വതന്ത്രയായാണ് ഡോ.ദീപ മത്സരിക്കുക. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാപ്രഭ മാത്രമാണ് നിലവിലെ ഭരണസമിതിയിൽ നിന്നു ജനവിധി തേടുന്നത്. മത്സരരംഗത്തുള്ളവരിൽ എസ്.വി.സുബിനും ശ്രീലത രമേശും മുൻ ജില്ലാ പഞ്ചായത്തംഗമാണ്. ജെ.ഇന്ദിരാദേവി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും രേഷ്മ മറിയം റോയ് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാണ്. എ.എൻ.സലിം, ഏബ്രഹാം തോമസ്, ശോഭാ ചാർളി എന്നിവർ കൊടുമൺ, പെരിങ്ങര, റാന്നി ഗ്രാമപഞ്ചായത്തുകളിലെ മുൻ പ്രസിഡന്റുമാരാണ്. റ്റിറ്റി ആനി ജോർജ് മുൻ ഡെപ്യൂട്ടി കളക്ടറാണ്. വൈഷ്ണവി ശൈലേഷ് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റും ബിബിൻ ഏബ്രഹാം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റുമാണ്. എൽ.ഡി.എഫ് മികച്ച വിജയം നേടുമെന്നും ജില്ലാ പഞ്ചായത്തിനു മാത്രമായി പ്രകടന പത്രിക പുറത്തിറക്കുമെന്നും ജില്ലാ കൺവീനർ അലക്സ് കണ്ണമല പത്രസമ്മേളനത്തിൽ അറിയിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സി.പി.ഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സജി അലക്സ്, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, എൻ സി പി ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലി, ആർ ജെ ഡി ജില്ലാ പ്രസിഡന്റ് മനു വാസുദേവ്, സി പി ഐ എം എൽ ജില്ലാ സെക്രട്ടറി കെ.ഐ.ജോസഫ്, ഐ എൻ എൽ ജില്ലാ സെക്രട്ടറി നിസാർ നൂർമഹൽ, കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിയംഗം ടി.ഒ.ഏബ്രഹാം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സി.പി.എം സ്ഥാനാർത്ഥികൾ: എസ്.വി.സുബിൻ - മല്ലപ്പള്ളി, ടി.കെ.സജി - ചിറ്റാർ, രേഷ്മ മറിയം റോയ് - മലയാലപ്പുഴ, ജെ.ഇന്ദിരാദേവി - പ്രമാടം, എ.എൻ. സലിം - കൊടുമൺ, ബീനാ പ്രഭ - കലഞ്ഞൂർ, വൈഷ്ണവി ശൈലേഷ് - ഏനാത്ത്, ടിറ്റി ആനി ജോർജ് - ഇലന്തൂർ, സവിത വിജയകുമാർ - കുളനട, ഡോ.ദീപ മറിയം വർഗീസ് - കോയിപ്രം. സി.പി.ഐ സ്ഥാനാർത്ഥികൾ: ഡോ. മാത്യു സാം - ആനിക്കാട്, ബിബിൻ ഏബ്രഹാം - കോന്നി, ശ്രീലത രമേശ് - പള്ളിക്കൽ. കേരള കോൺഗ്രസ് -എം : ഏബ്രഹാം തോമസ് - പുളിക്കീഴ്, ശോഭാ ചാർളി - റാന്നി. ജെ.ഡി.എസ്: ചെറിയാൻ സി.ജോൺ - കോഴഞ്ചേരി.
ആർ.ജെ.ഡി : പ്രശാന്ത് മോളിയ്ക്കൽ - റാന്നി അങ്ങാടി