ഒന്നും ജയിക്കാതെ ഇന്ത്യ

Tuesday 18 November 2025 11:28 PM IST

എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിൽ അഞ്ചാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയമില്ല

ഇന്നലെ ബംഗ്ളാദേശ് തോൽപ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്

ഢാക്ക : എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ ഗ്രൂപ്പ് സിയിലെ അഞ്ചാം മത്സരത്തിലും ജയിക്കാൻ കഴിയാതെ ഇന്ത്യ. ഇന്നലെ ബംഗ്ളാദേശിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ തോറ്റത്. ഇന്നലെ ഢാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 12-ാം മിനിട്ടിൽ ഷേയ്ക്ക് മോർസാലിൻ നേടിയ ഗോളിനാണ് ബംഗ്ളാദേശ് ജയം കണ്ടത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും തിരിച്ചടിക്കാൻ ഇന്ത്യൻ ടീം കഠിനമായി പരിശ്രമിച്ചെങ്കിലും നടന്നില്ല. 63-ാം മിനിട്ടിൽ മലയാളിതാരം മുഹമ്മദ് സനാൻ മുന്നേറ്റനിരയിൽ പകരക്കാരനായി അരങ്ങേറിയിരുന്നു.

കഴിഞ്ഞമാസം ഗോവയിൽ നടന്ന നാലാം മത്സരത്തിൽ സിംഗപ്പൂരിനോട് തോറ്റതോടെ ഗ്രൂപ്പിൽ നിന്ന് മുന്നേറാനുള്ള ഇന്ത്യയുടെ വഴിയടഞ്ഞിരുന്നു. അഞ്ച് കളികളിൽ മൂന്ന് തോൽവിയും രണ്ട് സമനിലകളുമായി രണ്ട് പോയിന്റ് മാത്രമുള്ള ഇന്ത്യ ഏറ്റവുമൊടുവിൽ നാലാം സ്ഥാനത്താണ്. ഇനി അടുത്തമാർച്ചിൽ ഹോംഗ്കോംഗുമായി ഒരു മത്സരമാണ് ഇന്ത്യയ്ക്ക് അവശേഷിക്കുന്നത്.