ജർമ്മനിക്കും ഹോളണ്ടിനും ബർത്ത് കിട്ടി
2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി ജർമ്മനിയും ഹോളണ്ടും
ലെയ്പ്സിഗ്/ആംസ്റ്റർഡാം : യൂറോപ്യൻ മേഖലയിൽ നിന്ന് മുൻ ജേതാക്കളായ ജർമ്മനിയും മൂന്ന് തവണ റണ്ണേഴ്സ് അപ്പായിട്ടുള്ള ഹോളണ്ടും 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. കഴിഞ്ഞദിവസം നടന്ന അവസാന യോഗ്യതാ മത്സരത്തിൽ സ്ളൊവാക്യയെ മറുപടിയില്ലാത്ത അരഡസൻ ഗോളുകൾക്ക് തകർത്താണ് ജർമ്മനി അമേരിക്ക,മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിന് ടിക്കറ്റെടുത്തത്. ഹോളണ്ട് ലിത്വാനിയയെ 4-0ത്തിനാണ് തോൽപ്പിച്ചത്.
ലെയ്പ്സിഗിൽ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ലെറോയ് സാനേയും ഓരോ ഗോളടിച്ച നിക് വോൾട്ടർമെയ്ഡും സെർജി ഗ്നാബ്രിയുംറിഡിൽ ബാകുവും അസാൻ ഒയേഡ്രാഗോയും ചേർന്നാണ് ജർമ്മനിക്ക് ജയമൊരുക്കിയത്. 18-ാം മിനിട്ടിൽ നിക്കാണ് തുടക്കമിട്ടത്. 29-ാം മിനിട്ടിൽ ഗ്നാബ്രി സ്കോർ ചെയ്തു. 36,41 മിനിട്ടുകളിലായി സാനേ വലകുലുക്കിയതോടെ ആദ്യ പകുതിയിൽ ജർമ്മനി നാലുഗോളുകൾക്ക് ലീഡ് ചെയ്തു. 67-ാം മിനിട്ടിൽ ബാകുവും 79-ാം മിനിട്ടിൽ ഒയേഡ്രാഗോയും ചേർന്ന് പട്ടിക പൂർത്തിയാക്കി.
യോഗ്യതാ റൗണ്ട് എ ഗ്രൂപ്പിൽ ആറുമത്സരങ്ങളിൽ അഞ്ചുജയവും ഒരു തോൽവിയുമായി 15 പോയിന്റ് നേടി ഒന്നാമതെത്തിയാണ് ജർമ്മനി ലോകകപ്പ് യോഗ്യത നേടിയത്. ഗ്രൂപ്പിൽ രണ്ടാമതുള്ള സ്ളൊവാക്യയ്ക്ക് യോഗ്യത ലഭിക്കാൻ പ്ളേഓഫിൽ കളിക്കേണ്ടിവരും.
ജി ഗ്രൂപ്പിൽ എട്ടുമത്സരങ്ങളിൽ ആറ് വിജയമുൾപ്പടെ 20 പോയിന്റ് നേടിയാണ് ഹോളണ്ട് ഒന്നാമതെത്തിയത്. 17 പോയിന്റുമായി രണ്ടാമതുള്ള പോളണ്ടിന് പ്ളേഓഫിൽ വിജയിച്ചാലേ രക്ഷയുള്ളൂ. ടിയാനി റെയിൻഡേഴ്സ്, കോഡി ഗാപ്കോ,സാവി സൈമൺസ് , ഡോണിൽ മാലൻ എന്നിവർ നേടിയ ഗോളുകൾക്കാണ് ഹോളണ്ട് ലിത്വാനിയയെ തോൽപ്പിച്ചത്. മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യ 3-2ന് മോണ്ടിനെഗ്രോയെ തോൽപ്പിച്ചു. ക്രൊയേഷ്യ നേരത്തേതന്നെ ലോകകപ്പ് ബർത്ത് ഉറപ്പിച്ചിരുന്നു.
മത്സരഫലങ്ങൾ
ജർമ്മനി 6-സ്ളൊവാക്യ 0
ഹോളണ്ട് 4- ലിത്വാനിയ 0
പോളണ്ട് 3- മാൾട്ട 2
ചെക് 6- ജിബ്രാൾട്ടർ 0
ക്രൊയേഷ്യ 3- മോണ്ടിനെഗ്രോ 2
34
ഇതോടെ 2026 ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളുടെ എണ്ണം 34 ആയി. ആതിഥേയരായ അമേരിക്ക, മെക്സിക്കോ,കാനഡ എന്നിവർക്കൊപ്പം യൂറോപ്പിൽ നിന്ന് ക്രൊയേഷ്യ,ഫ്രാൻസ്, ഇംഗ്ളണ്ട്, പോർച്ചുഗൽ, നോർവ്വേ, ജർമ്മനി, ഹോളണ്ട് ടീമുകളും ഏഷ്യയിൽ നിന്ന് ജപ്പാൻ,ഇറാൻ, ഉസ്ബക്കിസ്ഥാൻ,ജോർദാൻ,ദക്ഷിണ കൊറിയ, ഖത്തർ,സൗദി, ഓസ്ട്രേലിയ, ആഫ്രിക്കയിൽ നിന്ന് മൊറോക്കോ,ടുണീഷ്യ,ഈജിപ്ത് ,അൾജീരിയ,ഘാന,കേപ് വെർദേ, ഐവറി കോസ്റ്റ്, സെനഗൽ, സൗത്താഫ്രിക്ക, ഓഷ്യാനിയയിൽ നിന്ന് ന്യൂസിലാൻഡ്, ലാറ്റിനമേരിക്കയിൽ നിന്ന് അർജന്റീന,ബ്രസീൽ, കൊളംബിയ,ഇക്വഡോർ, പരാഗ്വേ,ഉറുഗ്വേ എന്നീ ടീമുകളാണ് ഇതുവരെ യോഗ്യത നേടിയത്. 48 ടീമുകളാണ് അടുത്ത ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ മത്സരിക്കുന്നത്.