അദ്ധ്യാപക നിയമനത്തിൽ യോഗ്യത കർശനമാക്കണം വി.സിമാർക്ക് ഗവർണറുടെ നിർദ്ദേശം

Wednesday 19 November 2025 12:34 AM IST

മലപ്പുറം: സംസ്ഥാനത്ത് സർവകലാശാലകൾ നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലും അഫിലിയേറ്റഡ് സ്വാശ്രയ കോളേജുകളിലും യു.ജി.സി ചട്ടമനുസരിച്ച് യോഗ്യതയുള്ളവരെ മാത്രമേ അദ്ധ്യാപകരായി നിയമിക്കാവൂ എന്ന് വി.സിമാർക്ക് ഗവർണറുടെ കർശന നിർദ്ദേശം. അദ്ധ്യാപകർക്ക് നെറ്റ് അല്ലെങ്കിൽ പി.എച്ച്ഡി വേണമെന്നാണ് യു.ജി.സി ചട്ടം. എന്നാൽ, സ്വാശ്രയ കോളേജുകളിലും എയ്ഡഡ് കോളേജുകൾ നടത്തുന്ന സ്വാശ്രയ കോഴ്സ് അദ്ധ്യാപക നിയമനങ്ങൾക്കും ഇത് പാലിക്കുന്നില്ല.

യോഗ്യതയില്ലാത്ത ഒരു അദ്ധ്യാപിക ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയതിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയിലെ ഒരു വിദ്യാർത്ഥിനി പരാജയപ്പെട്ടതു സംബന്ധിച്ച പരാതിയിൽ ഗവർണർ ആർ.വി. ആർലേക്കർ നേരിട്ട് ഹിയറിംഗ് നടത്തിയിരുന്നു. തുടർന്നാണ്

യോഗ്യതയില്ലാത്ത അദ്ധ്യാപകർ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്നുണ്ടെന്ന വിവരം ഗവർണറുടെ ശ്രദ്ധയിൽപെട്ടത്.

സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലും നിശ്ചിത യോഗ്യതയില്ലാത്ത അദ്ധ്യാപകർ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്നുണ്ട്. അദ്ധ്യാപകരുടെ പേരും യോഗ്യതകളും കോളേജുകളുടെ പോർട്ടലുകളിൽ പ്രസിദ്ധപ്പെടുത്തണമെന്നും ഗവർണർ നിർദ്ദേശിച്ചു.

ജോലി നഷ്ടപ്പെടും,

പരീക്ഷാഫലം വൈകും

1. ഗവർണറുടെ നിർദ്ദേശം ഉടനടി നടപ്പാക്കിയാൽ നിരവധി അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെടും.

ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്നത് പരീക്ഷാഫലം വൈകാനുമിടയാക്കും

2. യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിക്കുമ്പോൾ ഉയർന്ന ശമ്പളം നൽകേണ്ടി വരുന്നത് പല സ്വാശ്രയ കോളേജുകൾക്കും അധിക ബാദ്ധ്യതയാകും