അമ്മ വോട്ടർ പട്ടികയിലില്ല, പകരം മകൾ സ്ഥാനാർത്ഥി

Wednesday 19 November 2025 12:34 AM IST

മഞ്ചേരി : സ്ഥാനാർത്ഥിയായി മത്സരരംഗത്തിറങ്ങി പ്രചാരണം ആരംഭിച്ച അമ്മയുടെ പേര് വോട്ടർ പട്ടികയിലില്ല. പകരം അപ്രതീക്ഷിതമായി മകൾ മത്സര രംഗത്ത്. മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡിലാണ് കോൺഗ്രസ് സ്ഥാനാർഥി രശ്മി പ്രഭയ്ക്ക് പകരം മകൾ സ്‌നേഹയെ പാർട്ടി സ്ഥാനാർത്ഥിയാക്കിയത്.

കഴിഞ്ഞ 10നാണ് നഗരസഭ ആറാം വാർഡ് കരുവമ്പ്രത്ത് രശ്മിപ്രഭയെ സ്ഥാനാർത്ഥിയാക്കി പ്രചാരണം ആരംഭിച്ചത്. ബോർഡുകൾ സ്ഥാപിച്ചും വീടു കയറിയും വോട്ട് ഉറപ്പിച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വോട്ടർപട്ടിക പരിശോധിച്ചപ്പോഴാണ് പേരില്ലെന്ന് അറിഞ്ഞത്. വാർഡ് വിഭജനത്തിനു മുൻപ് ഏഴാം വാർഡിൽ ഉൾപ്പെട്ടിരുന്നപ്പോൾ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നെന്ന് രശ്മിപ്രഭ പറഞ്ഞു. സ്‌നേഹ എറണാകുളം കലൂരിൽ ഫാഷൻ ഡിസൈനിംഗ് കോഴ്സിനു പഠിക്കുകയാണ്. നെല്ലിക്കുത്ത് വി.എച്ച്.എസ്.ഇയിൽ ഹയർ സെക്കൻഡറി പഠനത്തിനു ശേഷമാണ് ഫാഷൻ ഡിസൈനിംഗ് തിരഞ്ഞെടുത്തത്. വരും ദിവസം നാമനിർദ്ദേശ പത്രിക സമർപ്പിക്കും.