വി.എം.വിനുവിന് 2020ലും വോട്ടില്ലെന്ന് സ്ഥിരീകരണം
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായ സംവിധായകൻ വി.എം വിനുവിന് 2020ലെ തിരഞ്ഞെടുപ്പിലും വോട്ടില്ലായിരുന്നുവെന്ന് സ്ഥിരീകരണം. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പരിശോധിച്ച് അഡീഷണൽ കോർപ്പറേഷൻ സെക്രട്ടറിയും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുമായ (ഇ.ആർ.ഒ) എൻ.കെ. ഹരീഷാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം നൽകിയത്.
വോട്ടർപട്ടികയിൽ പേരില്ലാത്തത് സംബന്ധിച്ചുള്ള വിനുവിന്റെ പരാതി ജില്ലാകളക്ടർ വഴി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് അയക്കും. കഴിഞ്ഞ ജൂലായിൽ ആദ്യ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ആക്ഷേപമുന്നയിക്കാനുള്ള അവസരം വിനു പ്രയോജനപ്പെടുത്തിയില്ലെന്ന് ഇ.ആർ.ഒ. പറഞ്ഞു. പേര് ചേർക്കാനും മറ്റും മൂന്ന് തവണ അവസരമുണ്ടായിരുന്നു. കഴിഞ്ഞ പതിമൂന്ന് വരെ സമയം അനുവദിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
2020ൽ താൻ വോട്ട് ചെയ്തിരുന്നുവെന്ന് വി.എം.വിനുവും പുതിയ വോട്ടർപട്ടികയിൽ വിനുവിന്റെ പേരില്ലാത്തതിന് പിന്നിൽ സി.പി.എമ്മും തിരഞ്ഞെടുപ്പ് കമ്മിഷനും നടത്തിയ ഗൂഢാലോചനയാണെന്ന് ഇന്നലെയും ആവർത്തിച്ചു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതടക്കമുള്ള ആലോചനകൾ നടക്കുകയാണ്. അതിനിടെ വിനുവിന്റെ വോട്ട്‌പോയത് കോൺഗ്രസിന്റെ പിടിപ്പുകേടാണെന്നും അത് സി.പി.എമ്മി ന്റെ തലയിൽകെട്ടേണ്ടെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് പറഞ്ഞു. ഇത് സംബന്ധിച്ച് തങ്ങളാർക്കും പരാതി നൽകിയിട്ടില്ലെന്നും അതേസമയം വിനുവിന് നിയമപ്രകാരമല്ലാതെ വോട്ട് അനുവദിച്ചാൽ എതിർക്കുമെന്നും മെഹബൂബ് പറഞ്ഞു.
@ ബിന്ദുവിനും വോട്ടില്ല അതേസമയം, കോർപ്പറേഷൻ 19ാം വാർഡ് മെഡിക്കൽ കോളേജ് സൗത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കമ്മനക്കണ്ടിക്കും വോട്ടില്ല. പുതിയ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസെന്നാണ് വിവരം. ബിന്ദുവും പ്രചാരണം തുടങ്ങിയിരുന്നു.
വി.എം. വിനു ഹൈക്കോടതിയിൽ ഹർജി നൽകി
വോട്ടർ പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി വി. എം. വിനു ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്ത്യൻ ഭരണഘടന ഒരു പൗരന് നൽകുന്ന മൗലികാവകാശം പുന:സ്ഥാപിക്കണമെന്നും അഡ്വ. ഷഹീർ സിംഗ് മുഖേന നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു.