മണ്ഡലകാല നിയന്ത്രണം ആകെ പാളി: ഞെരിഞ്ഞമർന്ന് അയ്യപ്പഭക്തർ
ശബരിമല: മണ്ഡല മകരവിളക്ക് ഉത്സവത്തിന് നടതുറന്ന മൂന്നാംനാളിൽത്തന്നെ ശബരിമല നിയന്ത്രണാതീതമായ തിക്കിലും തിരക്കിലും അമർന്നു. ദർശനത്തിനായി എട്ടുമണിക്കൂറിലധികം കാത്തുനിന്ന തീർത്ഥാടകരിൽ പലരും കുഴഞ്ഞുവീണു. കുടിവെള്ളംപോലും കിട്ടിയില്ല. തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളെല്ലാം പാളിയതാണ് കാരണമെന്ന ആക്ഷേപം ശക്തമായി.
എ.ഡി.ജി.പി എസ്.ശ്രീജിത്ത് സന്നിധാനത്ത് ഉണ്ടായിരുന്നപ്പോഴാണ് ഭക്തപ്രവാഹം കൈവിട്ടത്. ദുരന്തഭീതി ഉണർത്തുന്നതായിരുന്നു തിക്കുംതിരക്കും. പതിനെട്ടാംപടിയുടെ താഴെ തിരുമുറ്റത്തും വലിയ നടപ്പന്തലിലും ജ്യോതിർ നഗറിലുമെല്ലാം തീർത്ഥാടകർ ഞെങ്ങിഞെരുങ്ങി. മണിക്കൂറുകൾ കാത്തുനിന്നിട്ടും ക്യൂ ചലിക്കാതെ വന്നതോടെ മരക്കൂട്ടത്തുനിന്ന് വനത്തിലൂടെയും ചന്ദ്രാനന്ദൻ റോഡുവഴിയും ബെയ്ലി പാലത്തിലൂടെയും ഭക്തർ കൂട്ടമായി സന്നിധാനത്തേക്ക് തള്ളിനീങ്ങി. പൊലീസ് ബാരിക്കേഡുകൾ തള്ളിമാറ്റിയും മറികടന്നും എത്തിയ തീർത്ഥാടകർ പതിനെട്ടാം പടി കയറാൻ കാത്തുനിന്നവർക്കിടയിലേക്ക് ഇരച്ചുകയറിയത് സ്ഥിതി വഷളാക്കി.
മരക്കൂട്ടത്തെ ഷെഡ് അപകടാവസ്ഥയിലായതോടെ അവിടെനിന്ന തീർത്ഥാടകരെ ചന്ദ്രാനന്ദൻ റോഡിലൂടെ കടത്തിവിട്ടശേഷം ഷെഡ് പൊളിച്ചു. ഇവർ ബെയ്ലി പാലം വഴി സന്നിധാനത്ത് എത്തിയതും തിരക്ക് വർദ്ധിപ്പിച്ചു. വലിയ നടപ്പന്തലിലെ ബാരിക്കേഡുകൾ മറികടന്ന തീർത്ഥാടകരിൽ ചിലർ പതിനെട്ടാംപടി കയറാതെ സ്റ്റാഫ് ഗേറ്റുവഴിയും വടക്കേ നടയിലൂടെയും സന്നിധാനത്തെത്തി. കുട്ടികളും സ്ത്രീകളും തിരക്കിൽ ഞെരിഞ്ഞമർന്നു. അവരിൽ പലരും നിലവിളിക്കുന്ന കാഴ്ച ഭീതി പരത്തുന്നതായി.
പന്തളത്ത് കെട്ടിറക്കി മടങ്ങി തീർത്ഥാടക തിരക്ക് നിയന്ത്രണാതീതമായതോടെ തമിഴ്നാട്ടിൽ നിന്നെത്തിയ ഭക്തർ ദർശനം നടത്താനാവാതെ തിരിച്ചുപോയി. 40 പേരടങ്ങുന്ന സംഘം പന്തളത്തെത്തി തിരുവാഭരണം ദർശനം നടത്തി ഇരുമുടിക്കെട്ട് സമർപ്പിച്ച് മടങ്ങുകയായിരുന്നു. തിരുവണ്ണാമലയിൽ നിന്നെത്തിയ കുട്ടികളടക്കമുള്ള കന്നി അയ്യപ്പൻമാരുടെ സംഘമാണ് നിരാശയും പ്രതിഷേധവും പ്രകടിപ്പിച്ച് തിരിച്ചുപോയത്. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തെത്തിയ തങ്ങൾക്ക് പമ്പ വരെ എത്തിയിട്ടും ദർശനം നടത്താൻ കഴിഞ്ഞില്ലെന്ന് തീർത്ഥാടകർ പറഞ്ഞു.
43 മണിക്കൂറിൽ 2 ലക്ഷം ഭക്തർ
മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നശേഷം ഇന്നലെ ഉച്ചയ്ക്ക് 12 വരെ ദർശനത്തിനായി എത്തിയത് 1,96,594 തീർത്ഥാടകർ. വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് ഉൾപ്പെടെയാണിത്. 16ന് വൈകിട്ട് അഞ്ചിന് നടന്ന തുറന്ന ശേഷം 53,278 പേരും 17ന് 98,915 പേരും ഇന്നലെ ഉച്ചയ്ക്ക് 12 വരെ 44,401 പേരുമെത്തി. തിരക്കുൾപ്പെടെ ക്രമീകരിക്കാനായി ഇന്ന് കേന്ദ്രസേന എത്തും.തീർത്ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരസ്യപ്രതികരണത്തിന് ദേവസ്വം മന്ത്രിക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കുണ്ട്.
തീർത്ഥാടക നിയന്ത്രണം നിലയ്ക്കലിൽ
തീർത്ഥാടകരെ നിലയ്ക്കലിൽ തടഞ്ഞ് നിയന്ത്രണ വിധേയമായി മാത്രം പമ്പയിലേക്ക് കടത്തിവിടും. മരക്കൂട്ടം മുതൽ ശരംകുത്തിവരെ 20 ക്യൂ കോംപ്ലക്സുകളുണ്ട്. തിരക്കുണ്ടാകുമ്പോൾ തീർത്ഥാടകരെ ഇവിടേക്ക് കയറ്റിയിരുത്തണം. പമ്പയിലെ നിലവിലുള്ള സ്‌പോട്ട് ബുക്കിംഗ് നിലനിറുത്തി നിലയ്ക്കലിൽ അധികമായി ഏഴെണ്ണംകൂടി ആരംഭിക്കും. തീർത്ഥാടകർക്ക് കുടിവെള്ളവും ലഘുഭക്ഷണവും നൽകാൻ കൂടുതൽ ആളുകളെ നിയോഗിച്ചിട്ടുണ്ട്. സ്പോട്ട് ബുക്കിംഗ് 20,000 ആക്കി ചുരുക്കി. കൂടുതലായി എത്തുന്നവർക്ക് തങ്ങാൻ നിലയ്ക്കലിൽ സൗകര്യമൊരുക്കും.
'തീർത്ഥാടന മുന്നൊരുക്കങ്ങളിൽ പാളിച്ചയുണ്ടായി. ഉടൻ പരിഹരിക്കും. പമ്പയിലെത്തിയാൽ നിശ്ചിത സമയത്തിനുള്ളിൽ സന്നിധാനത്തെത്തി ദർശനം നടത്താനുള്ള സൗകര്യം ഉണ്ടാകണം. വരും ദിവസങ്ങളിൽ അതിനുള്ള ക്രമീകരണങ്ങൾ നടത്തും.
- കെ. ജയകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്