എഐ കുമിളയില്‍ ആശങ്ക; എല്ലാവരെയും ബാധിക്കുമെന്ന് സുന്ദര്‍ പിച്ചൈ

Wednesday 19 November 2025 12:09 AM IST

ആഗോള വിപണികളില്‍ കനത്ത തകര്‍ച്ച

കൊച്ചി: നിര്‍മ്മിത ബുദ്ധി(എ.ഐ) രംഗത്തെ കുമിള പൊട്ടുമെന്ന ആശങ്കയില്‍ ആഗോള തലത്തില്‍ ഓഹരി വിപണികള്‍ മൂക്കുകുത്തി. രാജ്യാന്തര തലത്തിലെ പ്രമുഖ നിക്ഷേപകനായ പീറ്റര്‍ തീലിന്റെ ഹെഡ്ജ് ഫണ്ടായ തീല്‍ മാക്രോ മുന്‍നിര എ.ഐ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ 10,000 കോടി ഡോളറിന്റെ ഓഹരികള്‍ ഒറ്റയടിക്ക് വിറ്റുമാറിയതാണ് വിപണിക്ക് തിരിച്ചടിയായത്. സെപ്തംബര്‍ 30ന് എന്‍വിഡിയയുടെ 5,37,742 ഓഹരികളാണ് തീല്‍ മാക്രോ യുണൈറ്റഡ് വിറ്റഴിച്ചത്. ഐ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഇലോണ്‍ മസ്‌കിന്റെ ടെസ്ല എന്നിവയിലേക്ക് മാത്രമായി തീല്‍ മാക്രോ ഓഹരി പങ്കാളിത്തം ചുരുക്കി.

എന്‍വിഡിയയില്‍ കമ്പനിക്കുണ്ടായിരുന്ന മൊത്തം ഓഹരികളും പൊടുന്നനെ വിറ്റതോടെ എ.ഐ വലിയ കുമിളയാണെന്ന ആശങ്ക വാള്‍സ്ട്രീറ്റില്‍ ശക്തമായി. അഡ്വാന്‍സ്ഡ് ചിപ്പ് നിര്‍മ്മാണത്തിലും ആധുനിക ഡാറ്റ സെന്ററുകളിലും ടെക്ക് ഭീമന്‍മാര്‍ വാഗ്ദാനം ചെയ്ത കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപ തീരുമാനങ്ങളെ പുതിയ സാഹചര്യം പ്രതികൂലമായി ബാധിച്ചേക്കും. കഴിഞ്ഞ ദിവസം ആഗോള കോടീശ്വരന്‍ മാസയോഷി സണ്ണിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റ് ബാങ്ക് ഗ്രൂപ്പും എന്‍വിഡിയയിലെ 580 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വിറ്റുമാറിയിരുന്നു.

എല്ലാവരെയും ബാധിക്കുമെന്ന് സുന്ദര്‍ പിച്ചൈ

എ.ഐ കുമിള പൊട്ടിയാല്‍ ലോകമൊട്ടാകെയുള്ള ടെക്‌നോളജി മേഖലയില്‍ വ്യാപക പ്രതിസന്ധിയുണ്ടാകുമെന്ന് ആല്‍ഫബെറ്റിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചൈ വ്യക്തമാക്കി. ഗൂഗിള്‍ ഉള്‍പ്പെടെ എല്ലാ കമ്പനികള്‍ക്കും വലിയ വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു. യുക്തിരഹിതമായ വളര്‍ച്ചയും നിക്ഷേപ ഒഴുക്കുമാണ് നിലവില്‍ എ.ഐ രംഗത്ത് ദൃശ്യമാകുന്നതെന്നും സുന്ദര്‍ പിച്ചൈ അംഗീരിച്ചു. അതിനാല്‍ കുമിള പൊട്ടാന്‍ സാദ്ധ്യതയേറെയാണ്. എന്നാല്‍ ഇന്റര്‍നെറ്റ് പോലെ എ.ഐ എല്ലാക്കാലവും ലോകത്ത് നിലനില്‍ക്കും.

വില്‍പ്പന സമ്മര്‍ദ്ദം ശക്തം

എന്‍വിഡിയയുടെ പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ആഗോള വിപണികള്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിലായി. കമ്പനികളുടെ ഊതിപ്പെരുപ്പിച്ച വിപണി മൂല്യവും സാമ്പത്തിക മേഖലയിലെ അസ്ഥിരതയും നിക്ഷേപകരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ചു. അമേരിക്കയിലെ പ്രമുഖ സൂചികകളായ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ്, എസ് ആന്‍ഡ് പി 500, നാസ്ദാക്ക് കോമ്പോസിറ്റ് എന്നിവ രണ്ട് ശതമാനം വരെ ഇടിഞ്ഞു. യൂറോപ്പ്, ജഷാന്‍, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വിപണികളും കനത്ത നഷ്ടം നേരിട്ടു.