ആ 'ഒരുത്തി" ഇനി സ്ഥാനാർത്ഥി
കൽപ്പറ്റ: നവ്യാനായർ അഭിനയിച്ച 'ഒരുത്തി" സിനിമയ്‌ക്ക് കാരണമായ ജീവിതത്തിലെ യഥാർത്ഥ നായിക തദ്ദേശ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ കൽപ്പറ്റ നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും. കൊല്ലം, മൈനാഗപ്പള്ളി കല്ലുകടവിലെ എസ്. സൗമ്യയാണ് 2017ൽ ബൈക്കിലെത്തിയ മാലമോഷ്ടാക്കളെ പിടിച്ചത്.
പണയം വച്ചിരുന്ന അമ്മയുടെ രണ്ട് പവന്റെ മാല തിരിച്ചെടുത്തപ്പോൾ സൗമ്യയാണ് അണിഞ്ഞിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ സൗമ്യയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു.
ആക്ടീവ സ്‌കൂട്ടറിൽ മോഷ്ടാക്കളുടെ ബൈക്കിനെ സൗമ്യ പിന്തുടർന്നു. എതിരെ കാർ വന്നതോടെ മോഷ്ടാക്കൾ ബൈക്കിന്റെ വേഗത കുറച്ചു. ഈസമയം സൗമ്യയുടെ ആക്ടീവ ബൈക്കിന് കുറുകെ വച്ചു. ബൈക്കിന്റെ മുൻ ചക്രത്തിൽ സ്‌കൂട്ടർ തട്ടിയപ്പോൾ മോഷ്ടാക്കളിൽ ഒരാൾ നിലത്ത് വീണു. അയാളെ സൗമ്യ കീഴ്പ്പെടുത്തി. രണ്ടാമത്തെ മോഷ്ടാവ് മാലയുമായി രക്ഷപ്പെട്ടു. പിടിയിലായ മോഷ്ടാവിൽ നിന്നുള്ള വിവരത്തെ തുടർന്ന് അടുത്ത ദിവസം രക്ഷപ്പെട്ടയാളെയും പിടികൂടി. മുറിഞ്ഞു പോയ മാലയും കണ്ടെടുത്തു. ഒരു ഗ്രാമിന്റെ കുറവുണ്ടായിരുന്നു.
വഴിത്തിരിവായത് ഭർത്താവിന്റെ സ്ഥലം മാറ്റം
നഗരസഭാ ഉദ്യോഗസ്ഥനായ ഭർത്താവ് ഷൈജുവിന് 2017ൽ വയനാട്ടിലേക്ക് സ്ഥലം മാറ്റമായി. തുടർന്നാണ് സൗമ്യ വയനാട്ടിലെത്തിയത്. നാട്ടിലാകെ താരമായ സൗമ്യ കൽപ്പറ്റ നഗരസഭയിലെ എമിലിത്തടം വാർഡിലാണ് മത്സരിക്കുന്നത്. യു.ഡി.എഫിലെ റംല സുബൈറാണ് മുഖ്യ എതിരാളി. ഐ.ഐ.വൈ.എഫ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ്, ഐ.ഐ.ഡി.ആർ.എം സംസ്ഥാന സെക്രട്ടറി, നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി എന്നീ നിലകകളിലും സൗമ്യ പ്രവർത്തിക്കുന്നുണ്ട്. മക്കൾ: സബന്യ, സോന.