ജി.എസ്.ടി ഇളവുണ്ടായിട്ടും ശബരിമലയിൽ ഭക്ഷണ വിലക്കൊള്ള

Wednesday 19 November 2025 1:19 AM IST

പത്തനംതിട്ട: ജി.എസ്.ടിയിൽ വലിയ ഇളവുണ്ടായിട്ടും ശബരിമലയിലെ ഭക്ഷണ വില കൂട്ടി ജില്ലാ ഭരണകൂടം. ജി.എസ്.ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ചാക്കിയ പഴം ജ്യൂസുകൾക്കും ഉത്പന്നങ്ങൾക്കും അഞ്ച് മുതൽ പത്ത് രൂപ വരെയും, കുപ്പിവെള്ളത്തിന് രണ്ടു രൂപയും കുറയേണ്ടതാണ്. എന്നാൽ സന്നിധാനത്തും പമ്പയിലും നിലയ്‌ക്കലിലും കടകളിൽ വിൽക്കുന്ന ആഹാര സാധനങ്ങളുടെ വില മൂന്ന് രൂപ വരെയാണ് വർദ്ധിപ്പിച്ചത്.

പാനീയങ്ങൾക്കും ഭക്ഷ്യ ഉത്പന്നങ്ങൾക്കും ജി.എസ്.ടി ഒഴിവാക്കിയിരുന്നു. പക്ഷേ അവയ്ക്കും വിലകൂട്ടി സർക്കാർ തന്നെ തീർത്ഥടാകരെ പിഴിയാൻ അവസരമൊരുക്കി. ജി.എസ്.ടി ഒഴിവാക്കിയ ചപ്പാത്തി, റൊട്ടി, പൊറോട്ട തുടങ്ങിയവയ്ക്ക് വില കുറയേണ്ടതിനു പകരം കൂടി. വില കൂട്ടുന്നതിനെതിരെ തീർത്ഥാടകർക്ക് ശക്തമായ പ്രതിഷേധവുമുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ കടക്കാരായിരുന്നു നിശ്ചിയിച്ചു നൽകുന്ന നിരക്കിനേക്കാൾ വില വാങ്ങിയിരുന്നത്. ചരക്ക് നീക്കത്തിനുള്ള ചെലവും നികുതി കൂടുന്നതും കണക്കിലെടുത്തായിരുന്നു തീർത്ഥാടന കാലത്ത് മുൻ വർഷങ്ങളിൽ ഭക്ഷ്യസാധനങ്ങളുടെ വില കൂട്ടിയിരുന്നത്. ഇത്തവണ നികുതി ഇളവിലൂടെ ചെലവ് കുറഞ്ഞതിനാൽ വില വർദ്ധിപ്പിക്കേണ്ടതില്ല. ഇന്ധന വില വർദ്ധിച്ചിട്ടില്ലാത്തതിനാൽ ചരക്കു നീക്കത്തിനുള്ള ചെലവും കൂടിയിട്ടില്ല.

പുതിയ വില (ബ്രാക്കറ്റിൽ പഴയ വില)

.......................................ശബരിമല..............പമ്പ............നിലക്കൽ

 പൂരി (ഒരെണ്ണം).............16(14)..............15(12)..............14(12)  പൊറോട്ട (ഒരെണ്ണം).....17(16)..............14(11)..............12(11)

 ചപ്പാത്തി (ഒരെണ്ണം)......15(15)..............14(14).............11(11)

 ലെമൺ ജ്യൂസ്.................22(21)............ 22(21)............. 21(20)  ആപ്പിൾ ജ്യൂസ്................ 57(55)...............55(54).............53(52)  ഓറഞ്ച് ജ്യൂസ്..................63(60)............. 53 (50)............50(48)  പൈനാപ്പിൾ ജ്യൂസ്........50(50)..............48(48)..............41(41)