തിരുമുല്ലവാരത്ത് ഓഷ്യനേറിയം: കടമ്പ കടക്കാതെ ഭൂമി ഏറ്റെടുക്കൽ

Wednesday 19 November 2025 12:22 AM IST

കൊല്ലം: ആഴക്കടലിന്റെ സുന്ദരകാഴ്ചകൾ കണ്ടാസ്വദിക്കാനുതകുന്ന സംസ്ഥാനത്തെ ആദ്യ മറൈൻ ഓഷ്യനേറിയത്തിന് ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയായില്ല. തിരുമുല്ലവാരം, മരുത്തടി തീരത്താണ് ഓഷ്യനേറിയവും മറൈൻ ബയോളജിക്കൽ മ്യൂസിയവും സ്ഥാപിക്കുന്നത്.

പത്തേക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂ ഉടമകളുമായി ഇത് സംബന്ധിച്ച് ചർച്ചകളും നടത്തിയിരുന്നു. എന്നാൽ എറണാകുളം സ്വദേശിയായ ഒരു ഭൂ ഉടമയുമായി ധാരണയുണ്ടാകാത്തതിനാലാണ് നടപടികൾ നീളുന്നത്.

ഭൂമി ഏറ്റെടുക്കലിനും പാരിസ്ഥിതികാഘാത പഠനത്തിനും മാസ്റ്റ‌ർ പ്ളാൻ തയ്യാറാക്കാനുമായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എട്ട് ഭൂ ഉടമകളുമായി ധാരണയിലെത്തിയിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ തിരുമുല്ലവാരം ഹാച്ചറിയോട് ചേർന്നുള്ള സ്വകാര്യ ഭൂമിയാണ് വാങ്ങുന്നത്. കളക്ടറുടെ ചുമതലയിൽ വില നിർണയ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.

ടൂറിസം മേഖലയിൽ വൻ സാദ്ധ്യതകളുള്ള പദ്ധതിയാണ് ഓഷ്യനേറിയം. ചൈനീസ്, അറബ്, പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് വ്യാപാരികൾ കൊല്ലവുമായി വ്യാപാര ബന്ധം സ്ഥാപിച്ചിരുന്നതിന്റെ ചരിത്രമെല്ലാം മ്യൂസിയത്തിൽ കാണാനാകും. ട്യൂബ് അക്വേറിയം, മറൈൻ ഫുഡ് കോർട്ട്, സമുദ്ര ഗവേഷണ കേന്ദ്രം, കുട്ടികളുടെ പാർക്ക്, കോൺഫറൻസ് ഹാളുകൾ, ഓപ്പൺ എയർ ഓഡിറ്റോറിയങ്ങൾ, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണം, ഗവേഷണ- പഠന സൗകര്യങ്ങൾ എന്നിവയൊക്കെ പദ്ധതിയുടെ ഭാഗമാണ്.

ഉടക്കിയത് ഒരു ഭൂ ഉടമ

 മൂന്നര ഏക്കർ ഭൂമി ഏറ്റെടുക്കലിൽ ധാരണയായില്ല

 ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് അധികൃ‌‌തർ

 ചവറ നിയോജക മണ്ഡലത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി

 കടലിന്റെ അകം കാഴ്ചകൾ, കടൽ ജീവജാലങ്ങളെ കണ്ട് മനസിലാക്കാനുള്ള അവസരം

 വലിയ തൊഴിൽ സാദ്ധ്യത

പദ്ധതി ചെലവ്

₹ 300 കോടി

ഭൂമി ഏറ്റെടുക്കൽ ഉടൻ പൂർത്തിയാകും. വില നിശ്ചയിച്ച് നൽകിയതിൽ ഒരു വ്യക്തിയുമായി ധാരണയാകാനുണ്ട്. ഉടൻ തീരുമാനമാകും. വലിയ സാദ്ധ്യതയുള്ള പദ്ധതിയാണ്.

ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ