ഭീഷണി നിലച്ചെങ്കിലും: ബി.എൽ.ഒമാരുടെ നെഞ്ചിടിപ്പ് കൂടുന്നു
കൊല്ലം: കണ്ണൂരിലെ അനീഷിന്റെ ആത്മഹത്യയോടെ ഉയർന്ന ഉദ്യോഗസ്ഥരുടെ ഭീഷണി നിലച്ചെങ്കിലും എസ്.ഐ.ആർ ഡ്യൂട്ടിയിലുള്ള ബി.എൽ.ഒമാരുടെ നെഞ്ചിടിപ്പ് ദിവസം കഴിയുന്തോറും ഉയരുന്നു. സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങി വിതരണം ചെയ്യാത്ത ഫോറങ്ങളിലും ക്യു.ആർ കോഡ് എസ്.ഐ.ആർ അപ്പിൽ അപ്പ് ലോഡ് ചെയ്തിട്ടുണ്ട്.
അവയടക്കം എല്ലാ വോട്ടർമാരുടെയും വിവരങ്ങൾ അവസാന തീയതിയായ 25ന് മുമ്പ് ശേഖരിക്കാനാകുമോയെന്നാണ് ആശങ്ക.
ഈമാസം 15 നാണ് ഫോറം വിതരണം പൂർത്തിയാക്കാൻ നൽകിയിരുന്ന അവസാന തീയതി. അതിന് മുമ്പ് വിതരണം പൂർത്തിയാകാഞ്ഞതോടെ ഉയർന്ന ഉദ്യോഗസ്ഥരുടെ രഹസ്യ നിർദ്ദേശപ്രകാരം പല ബി.എൽ.ഒമാരും ഫോറത്തിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ഫോറം വിതരണം ചെയ്തതായി വ്യാജമായി വരുത്തിത്തീർക്കുകയായിരുന്നു.
പക്ഷെ 25ന് മുമ്പ് എല്ലാ ഫോറങ്ങളും പൂരിപ്പിച്ച് തിരികെ വാങ്ങി വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്തണം. പല വീട്ടുകാരും അപേക്ഷ കൃത്യമായി പൂരിപ്പിച്ച് നൽകുന്നില്ല. അതുകൊണ്ട് തന്നെ ആപ്പിൽ കൃത്യമായി രേഖപ്പെടുത്താൻ കഴിയുന്നില്ലെന്നും ബി.എൽ.ഒമാർ പറയുന്നു. പലതവണ ചെന്നിട്ടും അടഞ്ഞുകിടക്കുന്ന വീടുകളുമുണ്ട്.
നക്ഷത്രക്കാലെണ്ണിച്ച് ദൂരം
വീട്ടിൽ നിന്ന് 25 കിലോ മീറ്റർ വരെ അകലെ ബി.എൽ.ഒ ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരുണ്ട്. ഇവർ അപരിചിതമായ പ്രദേശത്തെ വീട്ടുകാരെ മാത്രമല്ല, വഴികൾ പോലും അറിയാതെ നട്ടം തിരിയുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്തതോടെ പ്രദേശത്തെ ബി.എൽ.എമാരെ സഹായത്തിന് ലഭിക്കുന്നതുമില്ല. അതേ ബൂത്തിൽ ബി.എൽ.ഒ ഡ്യൂട്ടിയില്ലാത്ത ജീവനക്കാർ ബാക്കി നിൽക്കെയാണ് പലയിടങ്ങളിലും ദൂരെ നിന്നുള്ളവരെ നിയോഗിച്ചിരിക്കുന്നത്. രാഷ്ട്രീയ സ്വാധീനമില്ലാത്ത ജീവനക്കാരാണ് ദുരിതം അനുഭവിക്കുന്നത്. അതാതിടങ്ങളിൽ തന്നെയുള്ളവരെ ബി.എൽ.ഒമാരായി നിയോഗിച്ചിരുന്നെങ്കിൽ വേഗത്തിൽ ജോലി പൂർത്തിയാക്കാമായിരുന്നു.
ഓരോ ബൂത്തിലും 800 മുതൽ 1500 വരെ വോട്ടർമാർ 1200ൽ അധികം വോട്ടർമാരുള്ളിടത്ത് അധിക ചുമതല നടപ്പായില്ല വോട്ടർമാർ ഫോറം പൂരിപ്പിച്ച് വയ്ക്കുന്നില്ല ബി.എൽ.ഒമാർ വീടുകളിലിരുന്ന് പൂരിപ്പിക്കണം ഒരു ദിവസം പൂർത്തിയാകുന്നത് 25 വരെ വീടുകൾ മാത്രം ചില കുടുംബങ്ങൾ സഹരിക്കുന്നില്ല സ്ഥലത്തില്ലാത്തവരെ ഒഴിവാക്കാൻ അനുവദിക്കുന്നില്ല
25 കിലോമീറ്റർ അധികം സഞ്ചരിച്ചാണ് ചുമതലയുള്ള ബൂത്ത് പ്രദേശത്തേക്ക് പോകുന്നത്. പത്ത് മണി കഴിഞ്ഞാൽ പല വീടുകളിലും ആളുണ്ടാകില്ല. ഒരു ദിവസം രണ്ട് തവണ വരെ പോകേണ്ടിവരും. ഫോറം വിതരണം പൂർത്തിയായിട്ടില്ല. മാനസിക സമ്മർദ്ദം വർദ്ധിക്കുകയാണ്.
ഒരു ബി.എൽ.ഒ