ജില്ലാ പഞ്ചായത്ത് നേട്ടവും കോട്ടയും ചർച്ച ചെയ്ത് 'ദേശപ്പോര്'

Wednesday 19 November 2025 12:35 AM IST

കൊല്ലം: വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പൊള്ളയാണെന്ന് തുറന്ന് പറഞ്ഞും ജില്ലാ പഞ്ചായത്ത് സാരഥിയും പ്രതിപക്ഷ നേതാവും കൊല്ലം പ്രസ് ക്ളബ് സംഘടിപ്പിച്ച 'ദേശപ്പോരിൽ' സംവദിച്ചു. കഴിഞ്ഞ 5 വർഷക്കാലം 815 കോടി രൂപയുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾ നടത്താനായത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അക്കമിട്ട് നിരത്തി.

ജനകീയാസൂത്രണ പദ്ധതിയുടെ തുടക്കവും സാദ്ധ്യതകളും നടപ്പാക്കിയതുമൊക്കെയാണ് പങ്കുവച്ചത്. നാല് തവണ ലഭിച്ച വിവിധ പുരസ്കാരങ്ങളും പരാമർശിച്ചു. 3000 പദ്ധതികൾ പൂർത്തിയാക്കാൻ കഴിഞ്ഞത്, കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകിയത്, തരിശ് ഭൂമികളിൽ കൃഷിയിറക്കിയത്, 'കതിർമണി' അരി, മൃഗ സംരക്ഷണ പദ്ധതികൾ, തോടുകളും നീർത്തടങ്ങളുമായി ബന്ധപ്പെട്ട 'ഒഴുകാം ശുചിയായ്', മാലാഖക്കൂട്ടം പദ്ധതി, 5000 പേർക്ക് തൊഴിൽ ലഭിക്കാനിടയാക്കിയ വിജ്ഞാന കേരളം പദ്ധതി, എസ്.സി വിദ്യാർത്ഥികളെ പരിശീലനം നൽകി സെക്യൂരിറ്റി ജോലിക്ക് നിയമിച്ചതും കുരിയോട്ടുമല ഫാമിന്റെ വലിയ പദ്ധതികളും അദ്ദേഹം വിവരിച്ചു.

എന്നാൽ അവാർഡുകൾ നേടാൻ വേണ്ടി മാത്രം നടപ്പാക്കിയ പദ്ധതികൾ മാത്രമാണെന്നും ഫോളോ അപ്പ് ഇല്ലെന്നുമാണ് പ്രതിപക്ഷാംഗമായ ബ്രിജേഷ് എബ്രഹാം രൂക്ഷഭാഷയിൽ വിമർശിച്ചത്. കുരിയോട്ടുമല ഫാമിൽ നാല് കുതിരയെ വാങ്ങിയതും രണ്ടെണ്ണം ചത്തതുമടക്കം ഒട്ടേറെ കണക്കുകൾ ബ്രിജേഷ് എബ്രഹാം നിരത്തിയെങ്കിലും 'കൗണ്ടർ' ചെയ്യുന്നതിൽ പി.കെ.ഗോപൻ പിന്നോട്ട് പോയില്ല. 815 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയെന്നും എല്ലാ ഡിവിഷനിലും ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ പദ്ധതികൾ വീതം വച്ചെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവർത്തിച്ച് പറഞ്ഞു. എന്നാൽ തന്റെ ഡിവിഷനിൽ 5 വർഷം കൊണ്ട് 6 കോടി രൂപ മാത്രമാണ് ലഭിച്ചതെന്നും പക്ഷപാതപരമായി ഇടപെടൽ ഉണ്ടായെന്നുമായിരുന്നു ബ്രിജേഷ് എബ്രഹാമിന്റെ മറുവാദം.

തെരുവുനായ പ്രശ്നവും ചർച്ചയ്ക്ക്

ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികളെപ്പറ്റി അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളുണ്ടായി. അതിനിടയിലേക്കാണ് തെരുവുനായ പ്രശ്നമെത്തിയത്. 250 തെരുവുനായ്ക്കളെ സംരക്ഷിക്കാനുള്ള ഡോഗ് ഷെൽട്ടർ പൂർത്തിയായെന്നും അതിന് മുകളിലേക്കുള്ള തെരുവ് നായകളുടെ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്നും പി.കെ.ഗോപൻ പറഞ്ഞു. പ്രസ് ക്ളബ് പ്രസിഡന്റ് ഡി.ജയകൃഷ്ണൻ, സെക്രട്ടറി സനൽ.ഡി.പ്രേം എന്നിവർ സംസാരിച്ചു. ജയൻ മഠത്തിൽ മോഡറേറ്ററായി.