എന്റെ ജാതി സ്നേഹം: കൈതപ്രം

Wednesday 19 November 2025 12:38 AM IST

ചവറ: ഭഗവാൻ സൃഷ്ടിച്ചത് രണ്ടു വർഗങ്ങളെയാണ് അത് സ്ത്രീയും പുരുഷനും, ബാക്കിയുള്ളവ ഉണ്ടാക്കിയത് നമ്മൾ തന്നെയാണ്. എന്റെ ജാതി സ്നേഹമാണ്. ഒരുകാലത്തും ജാതി-മത വ്യവസ്ഥയെ കൊണ്ട് അടികൂടുന്ന പാരമ്പര്യം ഉണ്ടാവരുത്. ഈ നാടിന്റെ പാരമ്പര്യം വേദവ്യാസന്റെ പരമ്പരയാണ്. താഴ്ന്നവനെന്നും വലിയവനെന്നും എനിക്കില്ല. എന്റെ നെറ്റിയിൽ തൊട്ട കുറി ഞാൻ ആരെയും കാണിക്കാൻ വേണ്ടി തൊടുന്നതല്ല സ്വഭാവികമായി തൊടുന്നു. സ്വഭാവികമായി മായുന്നു. ഞാൻ കാട്ടിലമ്മയ്ക്കായി എഴുതിയ പാട്ടുകൾ-ഉണർത്തുപാട്ട്, ഉറക്കുപാട്ട്, സുപ്രഭാതം തുടങ്ങിയവ പ്രസീദ എന്നാണ് പേരിട്ടിരിക്കുന്നത്. കാട്ടിലമ്മയുടെ മഹത്വം വിളിച്ചറിയിക്കുന്ന വരികളാണ് ഇതിലുള്ളതെന്ന് പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ അദ്ദേഹം പറഞ്ഞു.

ദേശാടനം സിനിമയിലെ യാത്രയായി... യാത്രയായി... എന്ന് തുടങ്ങുന്ന ഗാനം പർണശാലകളിൽ എല്ലാം ത്വജിച്ച് വ്രതം നോറ്റിരിക്കുന്ന ഭക്തരുടെ സന്ദർഭത്തിന് അനുയോജ്യമായ പാട്ട് ആയതിനാൽ തന്റെ മകൻ ദീപാങ്കുരനെ കൊണ്ട് ആ ഗാനം ആലപിപ്പിച്ചു. തന്റെ മകൻ കുഞ്ഞായിരുന്നപ്പോൾ അവനെ പിരിയുന്ന അവസ്ഥയിൽ എഴുതിയ കളിവീട് ഉറങ്ങിയല്ലോ എന്ന ഗാനവും മകനെ കൊണ്ട് വേദിയിൽ പാടിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.