പതിനെട്ടാംപടി കയറ്റിയതിലും പാളിച്ച ദേവസ്വം മന്ത്രിക്ക് ഇലക്ഷൻ വിലക്ക്
തിരുവനന്തപുരം/ശബരിമല: സന്നിധാനത്ത് തിരക്ക് വർദ്ധിക്കുമ്പോൾ പതിനെട്ടാംപടി കയറുന്നവരുടെ എണ്ണം 80 മുതൽ 90വരെയെങ്കിലും ഉയർത്തണം. ഇന്നലെ രാവിലെ മുതൽ പടി കയറുന്നവരുടെ എണ്ണം 40നും 50നും ഇടയിലായിരുന്നു. ഇതും തിരക്ക് വർദ്ധിക്കാൻ കാരണമായി. രോഗികളുമായി സന്നിധാനത്തുനിന്ന് പമ്പയിലേക്ക് പോയ ആംബുലൻസ് തിരക്കിൽപ്പെട്ട് രണ്ടിടത്തായി 40 മിനിട്ടോളം കുടുങ്ങി. എന്തുചെയ്യണമെന്നറിയാതെ പൊലീസുകാരും കുഴങ്ങി. പതിനെട്ടാം പടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തിരുമുറ്റത്തേക്കിറങ്ങി ഭക്തർ കൂട്ടമായി പതിനെട്ടാം പടിയിലേക്ക് കയറുന്നത് തടഞ്ഞു. പൊലീസുകാരെ തള്ളിമാറ്റിയും ഭക്തർ മുന്നോട്ടുനീങ്ങി. ഉച്ചയ്ക്ക് 12മണിയോടെ തിരക്ക് നിയന്ത്രണാതീതമായി. ഉച്ചപൂജ കഴിഞ്ഞ് വൈകിട്ട് 3ന് നട തുറന്നശേഷമാണ് തിരക്കിന് അല്പം ശമനമുണ്ടായത്.
ദേവസ്വം മന്ത്രിക്ക് വിലക്ക്
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥയോഗം വിളിക്കാൻ ദേവസ്വം മന്ത്രി വി .എൻ.വാസവന് അനുമതിയില്ല. ആവശ്യമെങ്കിൽ ഉദ്യോഗസ്ഥർ യോഗം ചേരണം. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. ഉദ്യോഗസ്ഥയോഗം വിളിക്കാൻ അനുമതി തേടി വി.എൻ.വാസവൻ രണ്ടുദിവസം മുൻപ് സമീപിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ രേഖാമൂലം ഇക്കാര്യം മന്ത്രിയെ അറിയിച്ചതായാണ് വിവരം.
അപഹാസ്യമെന്ന് സതീശൻ
മാസങ്ങൾക്കുമുൻപ് തുടങ്ങേണ്ട മുന്നൊരുക്കത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് നിലവിൽവന്ന പെരുമാറ്റച്ചട്ടം തടസമായെന്ന സർക്കാർവാദം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി.
ശബരിമലയുടെ വികസനമെന്ന പേരിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ അയ്യപ്പസംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് ഇത്തവണത്തെ തീർത്ഥാടനം അലങ്കോലമാക്കിയത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്വമെങ്കിലും ഏറ്റെടുക്കാൻ സർക്കാരും ദേവസ്വം മന്ത്രിയും തയ്യാറാകണം.