വിദേശ പങ്കാളിത്തം: ഗോവ മേളയിൽ മൂന്ന് മലയാള ചിത്രങ്ങൾ

Wednesday 19 November 2025 1:38 AM IST

കൊച്ചി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി നിർമ്മാണത്തിന് വിദേശപങ്കാളിത്തം തേടാൻ തിരഞ്ഞെടുക്കപ്പെട്ട 22 സിനിമകളിൽ രണ്ടെണ്ണം മലയാളം. ഒരു ഡോക്യുമെന്ററിയും പട്ടികയിലുണ്ട്.

സന്ദീപ് ശ്രീലേഖ സംവിധാനം ചെയ്യുന്ന ദ മാനേജർ, രാജേഷ് കെ. സംവിധാനം ചെയ്യുന്ന പുത്തൻകച്ചേരി (സെക്രട്ടേറിയറ്റ്) എന്നിവയാണ് ഫീച്ചർ സിനിമകൾ. ജെഫിൻ തോമസ് സംവിധാനം ചെയ്യുന്ന കളേഴ്സ് ഒഫ് ദ സീയാണ് ഡോക്യുമെന്ററി. മണിപ്പൂരി ഡോക്യുമെന്ററിയായ നൂപി ഖേത്തലിന്റെ നിർമ്മാതാക്കളിലൊരാളായ രാജേഷ് പുത്തൻപുരയിൽ മലയാളിയാണ്.

അന്താരാഷ്ട്ര കമ്പനികളുടെയോ വ്യക്തികളുടെയോ പങ്കാളിത്തത്തോടെ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന സിനിമകൾ അവതരിപ്പിക്കുന്ന വേദിയാണ് ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ഒരുക്കുന്ന വേവ്സ് ഫിലിം ബസാർ. 19 ഭാഷകളിലെ സംരംഭങ്ങളാണ് ഗോവ മാരിയറ്റ് റിസോർട്ടിൽ 20 മുതൽ 24 വരെ അവതരിപ്പിക്കുന്നത്.

 ദ മാനേജർ

ഒരു കോടി രൂപ വിദേശ അക്കൗണ്ടിലേക്ക് മാറി അയച്ചതിനെ തുടർന്ന് തൊഴിലിലും കുടുംബജീവിതത്തിലും ബാങ്ക് മാനേജർ അനുഭവിക്കുന്ന സമ്മർദ്ദങ്ങളാണ് കഥ. അനൂജ് ത്യാഗി, വിപിൻ രാധാകൃഷ്‌ണൻ എന്നിവരാണ് നിർമ്മാതാക്കൾ. ക്രിയേറ്റീവ് ഡയറക്‌ടർ, ഛായാഗ്രാഹകൻ, ഡോക്യുമെന്ററി സംവിധായകൻ തുടങ്ങിയ നിലകളിൽ സന്ദീപ് ശ്രീലേഖ പ്രവർത്തിക്കുന്നു.

 പുത്തൻകച്ചേരി

സമൂഹത്തിൽ പിന്തള്ളപ്പെട്ട സ്ത്രീ മുഖ്യമന്ത്രിക്കയച്ച കത്തുകൾ സൃഷ്‌ടിക്കുന്ന വിസ്‌മയങ്ങളാണ് ഇതിവൃത്തം. ജെയിംസ് ജോസഫ് വലിയകുളത്തിലാണ് നിർമ്മാതാവ്. സംവിധായകൻ രാജേഷ് കെയുടെ ആദ്യസിനിമയായ 'ചോർ ചോർ സൂപ്പർ ചോർ" അന്താരാഷ്ട്ര മേളകളിൽ അംഗീകാരം നേടിയിരുന്നു.

 കളേഴ്സ് ഒഫ് ദ സീ

ചവിട്ടുനാടക കലാകാരന്മാരായ മൂന്ന് മത്സ്യത്തൊഴിലാളികൾ തീരനാശം നേരിടുന്നതാണ് ഇതിവൃത്തം. സഞ്ജു സുരേന്ദ്രനാണ് സഹനിർമ്മാതാവ്.

ജെഫിൻ തോമസാണ് അസിസ്റ്റന്റ് ഡയറക്‌ടർ.