വിയ്യൂർ ജയിലിലെ മർദ്ദനം: എൻ.ഐ.എ കോടതി വിശദീകരണം തേടി

Wednesday 19 November 2025 12:40 AM IST

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലുള്ള എൻ.ഐ.എ കേസിലെ പ്രതികളെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ എൻ.ഐ.എ കോടതി വിശദീകരണം തേടി. കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതി അസ്ഹറുദ്ദീൻ,മാവോയിസ്റ്റ് കേസിലെ പ്രതി പി.എം.മനോജ് എന്നിവരാണ് മർദ്ദനമേറ്റെന്ന് ആരോപിച്ച് പരാതി നൽകിയത്. അതേസമയം, കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6ന് ജയിൽ സെല്ലിലേക്ക് പ്രവേശിക്കാൻ അസ്ഹറുദ്ദീനോടും മനോജിനോടും ആവശ്യപ്പെട്ടപ്പോൾ അസി. പ്രിസൺ ഓഫീസർ അഭിനവിനെയും(28) മറ്റൊരുതടവുകാരനായ റെജികുമാറിനെയും (56) മർദ്ദിക്കുകയായിരുന്നു. എതിർ പരാതിയുമായാണ് പ്രതികൾ കോടതിയെ സമീപിച്ചതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. വിയ്യൂർ,പൂജപ്പുര സൂപ്രണ്ടുമാർ വീഡിയോ കോൺഫറൻസിലൂടെ ഹാജരായാണ് ഇന്നലെ വിശദീകരണം നൽകിയത്. പ്രതികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും കോടതി നിർദ്ദേശിച്ചു. 2022ലെ കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസിലും 2019ലെ ശ്രീലങ്ക ഈസ്റ്റർ ബോംബാക്രമണ കേസിലും പ്രതിയാണ് അസ്ഹറുദ്ദീൻ. ആഷിഖ് എന്ന പേരിൽ അറിയപ്പെടുന്ന മാവോയിസ്റ്റ് മനോജിനെ 2024 ജൂലായിലാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്. 10 യു.എ.പി.എ കേസുകൾ ഉൾപ്പെടെ 16 കേസുകളിൽ പ്രതിയാണ്.