കീം പരീക്ഷാ മാനദണ്ഡം: മാർഗ നിർദ്ദേശം വേണം
തിരുവനന്തപുരം: കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ ( കീം) സ്‌കോർ സമീകരണത്തിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് മാർഗ നിർദ്ദേശം പുറത്തിറക്കണമെന്ന ആവശ്യവുമായി അദ്ധ്യാപക സംഘടനകൾ. കഴിഞ്ഞ വർഷങ്ങളിൽ സ്കോർ സമീകരണത്തിലൂടെ കേരള സിലബസിലെ വിദ്യാർത്ഥികളുടെ മാർക്കുകൾ വെട്ടിക്കുറച്ച സാഹചര്യത്തിലാണിത്.
സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് അവർ നേടിയതിലും 8 സ്കോർ കൂട്ടി നൽകിയപ്പോൾ ,കേരള ഹയർ സെക്കൻഡറിയിലെ കുട്ടികളുടെ 27 സ്കോറാണ് വെട്ടിക്കുറച്ചത്.2025ലെ എൻട്രൻസ് പരീക്ഷയിൽ മുഴുവൻ സ്‌കോറും നേടിയത് എട്ട് കുട്ടികളാണ്. ഇതിൽ 2 കുട്ടികൾ കേരള സിലബസിലുള്ളവരാണ്. പ്രവേശന പരീക്ഷയിൽ ആദ്യ അൻപത് റാങ്കുകൾ കരസ്ഥമാക്കിയവരിൽ 18 പേർ കേരള സിലബസിലും 30 പേർ സി.ബി.എസ്.ഇയിലും
2 പേർ ഐ.എസ്.സിയിലുമാണ്. ഇതിൽ കേരള സിലബസിലുള്ള 2 കുട്ടികൾ യോഗ്യതാ പരീക്ഷയിലും എൻട്രൻസ് പരീക്ഷയിലും മുഴുവൻ മാർക്കും കരസ്ഥമാക്കിയിട്ടും
50-ൽ താഴെ റാങ്കിലെത്തി. ആദ്യ 100 റാങ്കുകാരിൽ 36 പേർ കേരള സിലബസും 67 പേർ സി.ബി.എസ്.ഇയും 6 കുട്ടികൾ ഐ.എസ്.സിയുമാണ്. എൻട്രൻസ് പരീക്ഷയിൽ 1111-ാം സ്ഥാനം ലഭിച്ച സി.ബി.എസ്.ഇ വിദ്യാർത്ഥിക്ക് 948-ാം റാങ്ക് ലഭിച്ചപ്പോൾ, 1103-ാം സ്ഥാനത്ത് വന്ന കേരള സിലബസിലെ വിദ്യാർത്ഥിയുടെ റാങ്ക് 1631 ആയി കുറഞ്ഞു.
സി.ബി.എസ്.ഇ കുട്ടികളുടെ ദേശീയ ശരാശരി സ്കോർ കുറഞ്ഞിരിക്കുന്നതു
കൊണ്ടാണ് റാങ്ക് വെട്ടിച്ചുരുക്കലെന്നാണ് എൻട്രൻസ് കമ്മിഷണറേറ്റ് പറയുന്നത്. എൻട്രൻസിന് ലഭിച്ച മാർക്കും പന്ത്രണ്ടാം ക്ലാസിലെ സമീകരിച്ച മാർക്കും 50:50 അനുപാതത്തിലുള്ള സ്കോർ പ്രകാരമാണ് കീമിന്റെ അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.
'കേരള സിലബസിലെ വിദ്യാർത്ഥികളുടെ അർഹതപ്പെട്ട റാങ്കു പോലും ഇല്ലാതാക്കാക്കുന്ന സമീകരണം നിറുത്തലാക്കണം.'
-എസ്. മനോജ്
ജനറൽ സെക്രട്ടറി
എ.എച്ച്.എസ്.ടി.എ.