ശ്രീപദ്മനാഭന് മുറജപം; നാളെ ദീപം തെളിയും
തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന് നാളെ തുടക്കമാകും. 56 ദിവസം നീണ്ടുനിൽക്കുന്ന മുറജപത്തിന്റെ ഭാഗമായി ക്ഷേത്രത്തിനു പുറത്ത് നാലു നടകൾക്കു മുന്നിലും വേദമണ്ഡപങ്ങൾ ഒരുക്കും. ഇന്ന് വൈകിട്ട് 4.30ന് പുഷ്‌പാഞ്ജലി സ്വാമിയാർ ഒറവങ്കര അച്യുതഭാരതി കിഴക്കേനടയിൽ വേദമണ്ഡപത്തിന് ഭദ്രദീപം തെളിക്കും. വേദങ്ങളെക്കുറിച്ച് ഭക്തർക്ക് കൂടുതൽ അവബോധം സൃഷ്ടിക്കുകയാണ് വേദമണ്ഡപങ്ങളുടെ ലക്ഷ്യം. നാളെ വെളുപ്പിന് 4ന് വേദമന്ത്ര പാരായണത്തോടെയാണ് ജപം ആരംഭിക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ നാലുചുറ്റും പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് വേദജപം. ദിവസേന രാവിലെ ആറു മുതൽ എട്ടുവരെയും ഒൻപത് മുതൽ 11വരെയുമാണ് ജപം. വൈകിട്ട് 6.30മുതൽ ഏഴുവരെ പദ്മതീർത്ഥകുളത്തിൽ ജലജപം നടക്കും.മുറജപവുമായി ബന്ധപ്പെട്ട് ദർശനസമയങ്ങളിൽ മാറ്റമില്ല.
ഋക്,യജുർ,സാമ വേദങ്ങളുടെ ജപത്തിന് പുറമെ ഇക്കുറി അഥർവവേദവും ജപത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോമുറയും അവസാനിക്കുന്ന എട്ടാം ദിവസങ്ങളിൽ രാത്രി 8.30ന് നടക്കുന്ന മുറശീവേലിക്ക് ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കും. ശൃംഗേരി,ഉടുപ്പി,ഉത്രാദി,കാഞ്ചീപുരം മഠങ്ങളിൽ നിന്നുള്ള സന്യാസിമാർക്കു പുറമെ ഹൈദരാബാദിലെ ചിന്നജീയർ സ്വാമിയും പങ്കെടുക്കുമെന്ന് ക്ഷേത്രം ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ ആഴ്വാഞ്ചേരി തമ്പ്രാക്കൾ,തിരുനാവായ,തൃശൂർ വാധ്യാന്മാർ,കൈമുക്ക്,പന്തൽ,കപ്ലിങ്ങാട്, ചെറുമുക്ക് വൈദികർ എന്നിവർ ജപത്തിനെത്തും. 12ദിവസത്തെ പ്രത്യേക കളഭാഭിഷേകം ഡിസംബർ 27 മുതൽ ജനുവരി 7വരെ നടത്തും. പതിവുള്ള മാർകഴി കളഭം ജനുവരി 8മുതൽ 14വരെ. ഉത്തരായന സംക്രാന്തിയും മകരശീവേലിയും ലക്ഷദീപവും ജനുവരി 14നാണ്. ഭരണസമിതി അംഗങ്ങളായ ആദിത്യവർമ്മ,കരമന ജയൻ,എ.വേലപ്പൻനായർ,എക്‌സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.