ഇ.ഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് ഒന്നരക്കോടി തട്ടിയെടുത്തു 

Wednesday 19 November 2025 12:43 AM IST

 പി.എഫ്.ഐ ബന്ധം ആരോപിച്ചാണ് തട്ടിപ്പ്

പയ്യോളി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ (പി.എഫ്.ഐ) ബന്ധം ആരോപിച്ച് പയ്യോളി സ്വദേശിയുടെ ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തതായി പരാതി. ഇ.ഡി ഉദ്യോഗസ്ഥൻ ചമഞ്ഞാണ് തട്ടിപ്പ്. തട്ടിപ്പുകാരന്റെ വാട്ട്‌സ് ആപ്പ് വീഡിയോകോൾ പരാതിക്കാരൻ സ്വീകരിച്ചതോടെ സൈബർ തട്ടിപ്പിന് കളമൊരുങ്ങി. വീഡിയോയിൽ പരാതിക്കാരനായ വയോധികന് പി.എഫ്.ഐ ബന്ധമുണ്ടെന്നും സംഘടനയുടെ സാമ്പത്തിക ഇടപാടുകൾക്കായി അദ്ദേഹത്തിന്റെ ഐ.ഡി പ്രൂഫ് ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഭീഷണിപ്പെടുത്തി. കൂടാതെ ഇതിന്റെ കമ്മീഷൻ പരാതിക്കാരൻ വാങ്ങുന്നുവെന്നും പ്രതി ആരോപിച്ചു. നിയമനടപടി ഉടനുണ്ടാകുമെന്ന് പറഞ്ഞ് മാനസിക സമ്മർദ്ദം സൃഷ്ടിച്ചു. തുടർന്ന് വയോധികനെ വെർച്വൽ അറസ്റ്റ് ചെയ്തതായും, കോളിൽ തുടരണമെന്നും പറഞ്ഞു.

അക്കൗണ്ടിലുള്ള തുക സ്ഥിരീകരിക്കേണ്ടതിനായി തട്ടിപ്പുകാർ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ട ഒന്നര കോടിയിലധികം വയോധികൻ തന്റെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് കൈമാറി.

പിന്നാലെയാണ് താൻ സൈബർ തട്ടിപ്പിനിരയായത് മനസിലായത്. തുടർന്ന്, പൊലീസിൽ പരാതി നൽകുകയായിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സൈബർ ക്രൈംപൊലീസ് കേസ് രജിസ്റ്റർ ചെയ്തു.