ബി.എൽ.ഒയുടെ ആത്മഹത്യ: ഫോൺ പരിശോധന നിർണായകം

Wednesday 19 November 2025 12:45 AM IST

കണ്ണൂർ: ഏറ്റുകുടുക്കയിലെ ബൂത്ത് ലെവൽ ഓഫീസർ തറയിൽ അനീഷ് ജോർജിന്റെ (45) ആത്മഹത്യയുമായി ബന്ധപ്പെട്ട് മൊബൈൽ ഫോൺ പരിശോധന കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. രാഷ്ട്രീയ ഭീഷണികളെ തുടർന്നാണ് അനീഷ് ആത്മഹത്യ ചെയ്തതെന്ന ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധന നടത്തുകയാണെന്ന് പയ്യന്നൂർ ഡിവൈ.എസ്.പി കെ. വിനോദ് കുമാർ വ്യക്തമാക്കി. സി.പി.എമ്മിന്റെ ഭീഷണിയാണ് അനീഷിന്റെ മരണത്തിന് കാരണമെന്നും ഫോൺ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും ബി.ജെ.പി ജില്ലാ ഘടകം പറഞ്ഞിരുന്നു. അനീഷിന് ഭീഷണിയുണ്ടായിരുന്നതായി വോയ്സ് ക്ലിപ്പുകൾ ഉദ്ധരിച്ച് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജും ആരോപിച്ചിരുന്നു. സത്യാവസ്ഥ അറിയുന്നതിനാണ് പൊലീസ് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തത്.