സ്കൂൾ ബസ് കയറി പ്ലേ ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, സംഭവം ഇടുക്കിയിൽ

Wednesday 19 November 2025 10:28 AM IST

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേ ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ ഹെയ്സൽ ബെനാണ് (നാല്) മരിച്ചത്. സ്കൂൾ മുറ്റത്ത് വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം.

സ്‌കൂൾ ബസിൽ നിന്നിറങ്ങിയ ശേഷം ഹെയ്‌സലും സുഹൃത്ത് ഇനയ ഫൈസലും ബസിന്റെ പുറകിലൂടെ ക്ലാസിലേക്ക് നടന്നു പോകുകയായിരുന്നു. ഈ സമയമെത്തിയ മ​റ്റൊരു ബസ് കുട്ടികളെ ഇടിക്കുകയായിരുന്നു. ബസ് ഹെയ്‌സലിന്റെ ശരീരത്തിൽ കൂടി കയറി ഇറങ്ങി. സുഹൃത്തിന്റെ കാൽ പാദത്തിനും ഗുരുതര പരിക്കേ​റ്റിട്ടുണ്ട്. സംഭവം കണ്ട അദ്ധ്യാപകരും മറ്റ് ബസ് ഡ്രൈവർമാരും പരിക്കേറ്റ കുട്ടികളെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹെയ്‌സലിനെ രക്ഷിക്കാനായില്ല. സംഭവത്തിൽ സ്കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.