ഇതൊന്ന് പരീക്ഷിച്ചുനോക്കൂ; പാമ്പ് വീടിന്റെ പരിസരത്ത് അടുക്കില്ല
മഴ പെയ്യുന്ന സമയങ്ങളിൽ പാമ്പുകൾ വീട്ടിലേക്ക് വരുന്നത് ഇപ്പോൾ പതിവാണ്. നിരവധി പേർ പാമ്പ് കടിയേറ്റ് മരിച്ചു. വീട്ടുപറമ്പിലോ മുറ്റത്തോ പാമ്പുകൾ മാളമുണ്ടാക്കി അവിടെ താമസമാക്കുകയും ചെയ്യുന്നു. ചില സാധനങ്ങൾ ഉപയോഗിച്ച് പാമ്പിനെ വീട്ടിൽ നിന്ന് തുരത്താൻ സാധിക്കും.
നാഫ്തലീൻ
പ്രാണികളെയും ഉരഗങ്ങളെയും തടയാൻ കഴിയുന്ന ഒന്നാണ് നാഫ്തലീൻ. ഇതിന്റെ പുക പ്രാണികളിലും പാമ്പുകളിലുമൊക്കെ അസ്വസ്ഥതകളുണ്ടാക്കും. അതുവഴി ഇവയെ തുരത്താനും കഴിയും. എന്നാൽ ആരോഗ്യപരമായി നോക്കിയാൽ ഇത് ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല. കുട്ടികൾക്കോ വളർത്തുമൃഗങ്ങൾക്കോ സമീപം ഒരുകാരണവശാലും ഇവ വയ്ക്കരുത്.
സൾഫർ പൊടി
പാമ്പുകളെ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് സൾഫർ പൗഡർ. ഈ നേർത്ത പൊടിയും രൂക്ഷമായ ഗന്ധവും പാമ്പിൽ അസ്വസ്ഥതകൾ ഉണ്ടാക്കും. മാളങ്ങൾക്ക് സമീപമോ, പൂന്തോട്ടത്തിന്റെ ചുറ്റുപാടുകളിലോ ഇത് വിതറാം. ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും ഇത് പൊതുവെ സുരക്ഷിതമാണ്. എന്നിരുന്നാലും ദുർഗന്ധം വളരെ രൂക്ഷമാണ്. അതിനാൽ സൾഫർ പൊടിയിടുമ്പോൾ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്.
അമോണിയ
അമോണിയയുടെ രൂക്ഷഗന്ധം പാമ്പുകളെ അകറ്റുന്നു. തുണിക്കഷണങ്ങൾ അമോണിയയിൽ മുക്കിവയ്ക്കുക, വീടിന് പുറത്ത് വയ്ക്കുക എന്നിവയാണ് ലളിതമായ രീതി. ദിവസങ്ങൾ കൊണ്ട് ഇതിന്റെ ഗന്ധം പോകും. അതിനാൽ ആഴ്ചതോറും തുണിക്കഷണങ്ങൾ മാറ്റുക. ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കിൽ ഇത് വിഷരഹിതമാണ്, അല്ലെങ്കിൽ അപകടമാണ്. കുഞ്ഞുങ്ങൾക്കോ വളർത്തുമൃഗങ്ങൾക്കോ ഇത് നല്ലതല്ല.
പാമ്പുകളെ അകറ്റാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയെന്നതാണ്. എലിയുടെയും തവളയുടെയും സാമീപ്യമുള്ളിടങ്ങളിൽ പാമ്പുകൾ എത്തും. അതിനാൽ ആദ്യം ഇവയെ തുരത്തുക. ഭക്ഷണ സാധനങ്ങൾ വലിച്ചെറിയരുത്. കരിയിലകൾ കൂട്ടിയിടരുത്. മാളങ്ങളോ മറ്റോ ഉണ്ടെങ്കിൽ അവ അടയ്ക്കുക.