'ഭക്തരെ ശ്വാസംമുട്ടി മരിക്കാൻ അനുവദിക്കില്ല, ശബരിമലയിൽ ഏകോപനമില്ലാത്തതാണ് പ്രശ്നം'; വിമർശിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ മണ്ഡല മകരവിളക്ക് തീർത്ഥാടനം സംബന്ധിച്ചുളള ഒരുക്കങ്ങൾ കൃത്യമായി നടത്താത്തതിൽ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയമായ മാർഗങ്ങൾ ഉണ്ടാകണമെന്ന് കോടതി നിർദേശിച്ചു. ആറ് മാസം മുൻപെങ്കിലും തീർത്ഥാടനം സംബന്ധിച്ചുളള ഒരുക്കങ്ങൾ നടത്തേണ്ടതായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് എ രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് വിമർശിച്ചത്.
ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിനുപുറമെ ശുചിമുറി സൗകര്യത്തിന്റെ കാര്യത്തിലടക്കം വിമർശനം ഉയരുന്നുണ്ട്. 'നിലയ്ക്കൽ മുതൽ സന്നിധാനവും പതിനെട്ടാം പടിയും അടക്കമുള്ള സ്ഥലങ്ങൾ ഇത്തരത്തിൽ അഞ്ചോ ആറോ ആയി തിരിക്കണം. ഓരോ സ്ഥലത്തും ഒരേസമയം എത്ര പേരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് തീരുമാനിക്കണം. ഇതിനായി ഒരു വിദഗ്ധ സംഘത്തെ രൂപപ്പെടുത്തണം. ഇത് സാധാരണ ഉത്സവം നടത്തുന്ന രീതിയിൽ പറ്റില്ല. മാസങ്ങൾക്ക് മുൻപുതന്നെ ഒരുക്കങ്ങൾ തുടങ്ങണം.
പൊലീസിന് ആളുകളെ നിയന്ത്രിക്കാൻ മാത്രമേ പറ്റൂ. കാര്യങ്ങൾ ശാസ്ത്രീയമായി തീരുമാനിക്കാൻ സംവിധാനം ഉണ്ടാവണം. കുഞ്ഞുങ്ങളടക്കമാണ് അവിടെ ബുദ്ധിമുട്ടുന്നത്. അതിന് പരിഹാരമുണ്ടാകണം. ഉൾക്കൊള്ളാൻ കഴിയില്ലെങ്കിൽ എന്തിനാണ് ഇത്രയുമധികം ആളുകളെ പ്രവേശിപ്പിക്കുന്നത്? ഇത്ര വലിയ തിരക്കുമൂലം അപകടങ്ങളുണ്ടാകാം. ശബരിമലയിൽ എത്തുന്നവരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കാനാവില്ല. അവർ ഭക്തരാണ്. അതുകൊണ്ടുതന്നെ അവർ വരും. അവിടെ ഒരുക്കങ്ങൾ നടത്തേണ്ടത് ഉത്തരവാദിത്തപ്പെട്ടവരാണ്. ഇത്രയധികം ആളുകൾ വരുന്ന ഉത്സവ കാലത്തെ ഒരുക്കങ്ങൾക്കായി ആവശ്യമായ ഏകോപനമുണ്ടായിട്ടില്ല'-കോടതി വിമർശിച്ചു.
അതേസമയം, ഹൈക്കോടതിയുടെ വിമർശനത്തിൽ ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ പ്രതികരിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ആശങ്ക മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡിലെ ജീവനക്കാരുടെ ഏകോപനത്തിൽ പാളിച്ചയുണ്ടായെന്നും പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.