തമിഴ്നാട്ടിൽ ഒന്നോ രണ്ടോ രൂപ; കേരളത്തിൽ കൊയ്യുന്നത് വമ്പൻ ലാഭം, ഭംഗികണ്ട് ഇത് വാങ്ങുന്നവരറിയാൻ
കല്ലറ: വർണ്ണപ്പൂക്കൾ എന്നുകരുതി വണ്ടി നിറുത്തി ഇറങ്ങി അടുത്തെത്തുമ്പോൾ കേൾക്കുന്നതോ കുഞ്ഞുകരച്ചിൽ ശബ്ദം. കാണുന്നതോ വർണാഭമായ കോഴിക്കുഞ്ഞുങ്ങളെ. വേണമെങ്കിൽ നൂറു രൂപയ്ക്ക് വാങ്ങുകയും ചെയ്യാം.
കോയമ്പത്തൂരിലെ വലിയ ഹാച്ചറികളിൽ വിരിയിച്ചെടുക്കുന്ന കോഴിക്കുഞ്ഞുങ്ങളെ അവിടെ വച്ചുതന്നെ മനോഹരമായ വർണ്ണങ്ങൾ ചാർത്തിയാണ് റോഡരികിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ചുവപ്പും മഞ്ഞയും റോസും നീലയും മജന്തയും തവിട്ടും നിറത്തിലുള്ള ചേതോഹര വർണ്ണങ്ങളിലാണ് കോഴിക്കുഞ്ഞുങ്ങൾ റോഡരികിൽ തത്തിക്കളിക്കുന്നത്. ഓരോ കമ്പനികളും ഇത്തരത്തിൽ കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് ഇരുചക്ര വാഹനങ്ങളിൽ നാട്ടിൽപുറങ്ങളിലും വിൽപ്പനയ്ക്കായി എത്തിക്കുകയാണ് പതിവ്.
ആവശ്യക്കാർ നിരവധി
ആറ് എണ്ണത്തിന് നൂറു രൂപയാണ് വില. ഒന്നുസംസാരിച്ചാൽ ഏഴും എട്ടും കോഴിക്കുഞ്ഞുങ്ങളെവരെ കിട്ടും.ധാരാളം ആളുകൾ കോഴിക്കുഞ്ഞുങ്ങളെ പൂവ് വാങ്ങുന്നതുപോലെ കിറ്റിൽ വാങ്ങികൊണ്ടുപോകുന്നുണ്ട്. കളിപ്പാട്ടമെന്ന് കരുതി കുഞ്ഞുങ്ങളുടെ നിർബന്ധത്തിന് വാങ്ങിക്കൊണ്ടുപോകുന്നവരും കൂട്ടത്തിലുണ്ട്.
വൻ ലാഭം, പക്ഷേ
തമിഴ്നാട്ടിൽ ഒന്നോ, രണ്ടോ രൂപ വിലയുള്ള മുട്ടകളാണ് കേരളത്തിലെത്തിച്ച് ഇത്തരത്തിൽ ലാഭം കൊയ്യുന്നത്. ചായം പൂശിയ കോഴിക്കുഞ്ഞുങ്ങളുടെ കച്ചവടത്തിലൂടെ നല്ല തുകയാണ് നേടുന്നതും. നാലും ആറും ആഴ്ച പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളായതുകൊണ്ട് നല്ലൊരു ശതമാനവും ചത്തുപോകാനും സാദ്ധ്യതയുണ്ട്. മാത്രമല്ല, ഇത്തരം കോഴിക്കുഞ്ഞുങ്ങളിൽ അധികവും പൂവൻ കോഴികളെയാണ് ലഭിക്കുന്നത്.