ബുള്ളറ്റ് യാത്രകൾക്ക് അവധി, കവിതാ ഹരി മത്സരഗോദയിൽ

Thursday 20 November 2025 1:25 AM IST
കവിത ഹരി

ആലുവ: ബുള്ളറ്റിൽ രാജ്യം മുഴുവൻ ചുറ്റിക്കറങ്ങാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കവിതാ ഹരി സ്ഥാനാർത്ഥിയായത്. മുപ്പത്തടം കയനിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഴകക്കാരിയായ കവിതയ്ക്ക് എല്ലാം ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 19 -ാം വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാണ് മുപ്പത്തടം ചാത്തമംഗലത്ത് പുഷ്പകത്തിൽ കവിത ഹരി. രാഷ്ട്രീയമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും അടുപ്പക്കാർ സ്ഥാനാർത്ഥിയാകണമെന്ന് പറഞ്ഞപ്പോൾ തള്ളിക്കളയാനായില്ല.

ഏഴ് വർഷം മുമ്പ് ബുള്ളറ്റ് ഓടിക്കുന്ന വനിതകളെക്കുറിച്ച് ഒരു മാദ്ധ്യമത്തിൽ വന്ന ലേഖനം കണ്ടപ്പോൾ ലീഡർ കടവന്ത്ര സ്വദേശിനി സോണി ഗ്രേഷ്യസിനെ ബന്ധപ്പെട്ട് ടീമിൽ ചേരാൻ താത്പര്യം അറിയിച്ചു. ഇരുചക്രവാഹനം ഓടിക്കാൻ ലൈസൻസ് ഉണ്ടെങ്കിലും ബുള്ളറ്റ് ഓടിച്ചിരുന്നില്ല. തുടർന്ന് ഭർത്താവ് ഹരിയുടെ ബുള്ളറ്റിൽ പരിശീലനം നേടി. ഇപ്പോൾ മാസത്തിൽ ഒരിക്കൽ കൂട്ടുകാർക്കൊപ്പം ബുള്ളറ്റ് യാത്രയുണ്ട്. മൂന്നാർ, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബുള്ളറ്റ് ഓടിച്ച് പോയിട്ടുണ്ട്. ഇനി ലഡാക്കും മണാലിയുമെല്ലാം പോകണം. ഇതിനിടയിലാണ് സ്ഥാനാർത്ഥിത്വം തേടിയെത്തിയത്. യാത്രകൾ നൽകുന്ന മാനസിക സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് കവിത 'കേരളകൗമുദി"യോട് പറഞ്ഞു. ഇടപ്പള്ളി ചങ്ങമ്പുഴ നഗറിൽ തൃക്കോവിൽ ക്ഷേത്രത്തിലെ കഴകക്കാരനാണ് ഭർത്താവ് ഹരി. മക്കളായ ദേവികയും ഗൗരിശങ്കറും വിദ്യാർത്ഥികളാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 60 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. രണ്ടാം സ്ഥാനത്ത് എൻ.ഡി.എയും മൂന്നാം സ്ഥാനത്ത് എൽ.ഡി.എഫുമായിരുന്നു.