ജില്ല വീണ്ടും പനിപ്പേടിയിൽ; എലിപ്പനി ബാധിച്ച് ഒരു മരണം

Thursday 20 November 2025 12:56 AM IST
ഒരിടവേളയ്ക്ക് ശേഷം ജില്ലയിൽ വീണ്ടും പനി പടരുന്നു

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം ജില്ലയിൽ വീണ്ടും പനി പടരുന്നു. വൈറൽ പനിക്ക് പുറമേ എലിപ്പനിയും മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയുമാണ് വ്യാപിക്കുന്നത്. ഒരു എലിപ്പനി മരണവുമുണ്ടായി. പുറ്റുമാനൂർ സ്വദേശിനിയായ 73കാരി മരിച്ചത് എലിപ്പനി കാരണമെന്ന് ഈ മാസം 12ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 5,000ലേറെ പേർ പനി ബാധിച്ച് ചികിത്സ തേടിയതിൽ 250ലേറെപ്പേരാണ് കിടത്തി ചികിത്സയ്ക്ക് വിധേയരായത്. വൈറൽ പനി ബാധിച്ച് 3797 പേർ ചികിത്സ തേടിയതിൽ 100പേർ കിടത്തി ചികിത്സയ്ക്ക് വിധേയരായി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 95ൽ 41ഉം, എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 30ലേറെപ്പേരിൽ 16ഉം, മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ ചികിത്സ തേടിയ 80ലേറെപ്പേരിൽ 35ഉം പേർ ആശുപത്രികളിൽ അഡ്മിറ്റായി. അഞ്ചു പേർക്ക് മലേറിയ സ്ഥിരീകരിച്ചതും ആശങ്കയേറ്റുന്നുണ്ട്.

ഡെങ്കിപ്പനി ബാധിത മേഖലകൾ

കീച്ചേരി, ആലങ്ങാട്, ചേരാനല്ലൂർ, തമ്മനം, പെരുമ്പാവൂർ, ഇടപ്പള്ളി, മൂവാറ്റുപുഴ, എടത്തല, കളമശേരി, ചൂർണിക്കര, മലയിടുംതുരുത്ത്, രായമംഗലം, നെടുമ്പാശേരി, മഞ്ഞപ്ര, മണീട്, വാരപ്പെട്ടി, വെങ്ങോല, മുനമ്പം, പോത്താനിക്കാട്, കളമശേരി, പാറക്കടവ്, പാമ്പാക്കുട

മലേറിയ ബാധിത മേഖലകൾ കുമാരപുരപുരം, മലയിടുംതുരുത്ത്, കാക്കനാട്, മങ്ങാട്ടുമുക്ക്

എലിപ്പനി ബാധിത പ്രദേശങ്ങൾ പറവൂർ, കീഴ്മാട്, കളമശേരി, കാക്കനാട്, ചമ്പക്കര, ആലുവ, ചിറ്റാറ്റുകര

പനി ബാധിതരുടെ എണ്ണം

(തീയതി, വൈറൽ പനി, ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്തം, മലേറിയ, ഇൻഫ്‌ളുവൻസ, എന്ന കണക്കിൽ. അഡ്മിറ്റാക്കിയവരുടെ എണ്ണം ബ്രായ്ക്കറ്റിൽ)

17-------482(19)------11(1)------- 02----------00----------00-----00

16-------312(05)------09(05)-----01----------04----------02------02

15-------210(13)-------11(04)------01-------02---------00------04

14-------544(08)------13(09)------01----------03------00------07

13--------556(24)------15(05)-----02---------12--------03------03

12--------639(13)-------23(06)-----05--------09--------00-------09

11---------754(15)-------13(11)-------04-------05-------00--------04

ആന്റി ബയോട്ടിക്കുകളുടെ

ദുരുപയോഗം കൂടുന്നു

കൊച്ചി: ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം സമീപകാലത്ത് വൻതോതിൽ കൂടുന്നുണ്ടെന്നും ഇതുമൂലം അപകടകാരികളായ ബാക്ടീരിയകൾ ശക്തിപ്രാപിക്കുകയും അവയ്ക്കെതിരെ ചികിത്സ ഫലിക്കാതാവുകയും ചെയ്യുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം രംഗത്ത്. ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്ന ഈ അവസ്ഥയെ കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്.

ആന്റിബയോട്ടിക് മരുന്നുകൾ ഫലിക്കാതായാൽ കാൻസർ, ക്ഷയരോഗം, ന്യൂമോണിയ തുടങ്ങിയ ഗുരുതര രോഗങ്ങൾ മാത്രമല്ല സാധാരണ ചെറിയ മുറിവിൽ നിന്നുള്ള അണുബാധപോലും മരണത്തിൽ വരെ കലാശിക്കാമെന്നും ശസ്ത്രക്രിയകൾ അസാദ്ധ്യമാകുമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

ആന്റി ബയോട്ടിക് ഉപയോഗം; ശ്രദ്ധിക്കാൻ

ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടിക് ഉപയോഗിക്കരുത്.

അവശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ പിന്നീട് വീണ്ടും ഉപയോഗിക്കരുത്.

അവശേഷിക്കുന്നതോ കാലാവധി കഴിഞ്ഞതോ ആയവ മണ്ണിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്. അവ സർക്കാർ ആശുപത്രിക്ക് കൈമാറുക.

ഡോക്ടർ നിർദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകൾ പൂർണമായും കൃത്യമായും കഴിക്കുക, ഇടയ്ക്കുവച്ച് നിറുത്തരുത്.

ആന്റിബയോട്ടിക് മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്. കോഴിവളർത്തലിലും കന്നുകാലിവളർത്തലിലും മത്സ്യക്കൃഷിയിലും ആന്റിബയോട്ടിക് മരുന്നുകൾ വെറ്ററിനറി ഡോക്ടറുടെ നിദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.