ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ; സ്‌പോട്ട് ബുക്കിംഗ് 5000 ആയി കുറച്ചു, തീർത്ഥാടകർക്ക് നിർദേശം
കൊച്ചി: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്‌പോട്ട് ബുക്കിംഗ് 5000 ആയി കുറച്ചു. തിങ്കളാഴ്ച വരെയായിരിക്കും നിയന്ത്രണം. ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിച്ചുകൊണ്ട് ദേവസ്വം ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിലെ മണ്ഡല മകരവിളക്ക് തീർത്ഥാടനം സംബന്ധിച്ചുളള ഒരുക്കങ്ങൾ കൃത്യമായി നടത്താത്തതിൽ ഹൈക്കോടതി ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
നിയന്ത്രണമില്ലാതെ നടത്തിയ സ്പോട്ട് ബുക്കിംഗാണ് ശബരിമലയിൽ തിരക്ക് അനിയന്ത്രിതമാക്കിയത്. ഇതോടെ, സ്പോട്ട് ബുക്കിംഗ് 20,000 ആയി കുറച്ചിരുന്നു. പമ്പയിൽ സ്പോട്ട് ബുക്കിംഗിന്റെ തിരക്ക് ഒഴിവാക്കാൻ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി തുറക്കാനും തീരുമാനമായി.എന്നാൽ, തിരക്ക് പൂർണമായി നിയന്ത്രണവിധേയമാവാനായി തിങ്കളാഴ്ച വരെ ദിവസവും 5,000 സ്പോട്ട് ബുക്കിംഗ് അനുവദിക്കാനാണ് ദേവസ്വം ബെഞ്ചിലെ ജസ്റ്റിസുമാരായ എ രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ നിർദേശം.
ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിനുപുറമെ ശുചിമുറി സൗകര്യത്തിന്റെ കാര്യത്തിലടക്കം വിമർശനം ഉയരുന്നുണ്ട്. ' പൊലീസിന് ആളുകളെ നിയന്ത്രിക്കാൻ മാത്രമേ പറ്റൂ. കാര്യങ്ങൾ ശാസ്ത്രീയമായി തീരുമാനിക്കാൻ സംവിധാനം ഉണ്ടാവണം. കുഞ്ഞുങ്ങളടക്കമാണ് അവിടെ ബുദ്ധിമുട്ടുന്നത്. അതിന് പരിഹാരമുണ്ടാകണം. ഉൾക്കൊള്ളാൻ കഴിയില്ലെങ്കിൽ എന്തിനാണ് ഇത്രയുമധികം ആളുകളെ പ്രവേശിപ്പിക്കുന്നത്? ഇത്ര വലിയ തിരക്കുമൂലം അപകടങ്ങളുണ്ടാകാം. ശബരിമലയിൽ എത്തുന്നവരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കാനാവില്ല. അവർ ഭക്തരാണ്. അതുകൊണ്ടുതന്നെ അവർ വരും. അവിടെ ഒരുക്കങ്ങൾ നടത്തേണ്ടത് ഉത്തരവാദിത്തപ്പെട്ടവരാണ്. ഇത്രയധികം ആളുകൾ വരുന്ന ഉത്സവ കാലത്തെ ഒരുക്കങ്ങൾക്കായി ആവശ്യമായ ഏകോപനമുണ്ടായിട്ടില്ല'- കോടതി വിമർശിച്ചു.