62കാരനെ രണ്ടംഗസംഘം ലോഡ്ജി​ൽക്കയറി ആക്രമിച്ചു

Thursday 20 November 2025 1:18 AM IST

ആലുവ: രാഷ്ട്രീയ - സാമുദായിക ഭേദമെന്യേ നിരവധിപേരെ സോഷ്യൽമീഡിയ പേജുകളിലൂടെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായ 62കാരനെ താമസിക്കുന്ന ലോഡ്ജിൽ കയറി അജ്ഞാതരായ രണ്ടംഗസംഘം ആക്രമിച്ചു. മൂത്തകുന്നം പഴമ്പിള്ളിശേരിയിൽ പി.എസ്. രാജേന്ദ്രപ്രസാദിനെയാണ് (62) ആക്രമിച്ചത്. ഇരുകൈകളുടെയും വലത് കാലിന്റെയും എല്ലുകൾക്ക് പൊട്ടലുണ്ട്. തലയ്ക്ക് പിന്നിലും ആഴത്തിൽ മുറിവേറ്റു. ഇന്നലെ രാവിലെ എട്ടോടെ ആലുവ നജാത്ത് ആശുപത്രിക്ക് സമീപം കല്ലിങ്ങൽ ബിൽഡിംഗിലെ മുറിയിലായിരുന്നു സംഭവം. അടുത്തമുറിയിൽ താമസിക്കുന്നയാൾ ശബ്ദംകേട്ട് ഓടിയെത്തിയപ്പോഴേക്കും പ്രതികൾ താഴെയിറങ്ങി ബൈക്കിൽ രക്ഷപ്പെട്ടു. രാജേന്ദ്രപ്രസാദിനെ നജാത്ത് ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നേരത്തെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന രാജേന്ദ്രപ്രസാദ് കോൺഗ്രസ് വിട്ടശേഷം സോഷ്യൽ മീഡിയയിലൂടെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കളെ സഭ്യമല്ലാത്ത ഭാഷയിൽ വിമർശിക്കുന്നത് പതിവായിരുന്നു. സി.പി.എമ്മിലേയും ഒരുവിഭാഗം നേതാക്കളെയും ചില സമുദായ നേതാക്കളെയും പലപ്പോഴായി അധിക്ഷേപിച്ചിട്ടുണ്ട്. കോൺ​ഗ്രസ് നേതാവി​നെതിരായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ അദ്ദേഹത്തിന്റെ ബന്ധുക്കൾ നൽകിയ ക്വട്ടേഷനാണെന്നാണ് രാജേന്ദ്രപ്രസാദ് പൊലീസിന് മൊഴിനൽകിയിട്ടുള്ളത്.

മാസ്ക് ധരിച്ചാണ് പ്രതികളെത്തിയത്. ആക്രമണത്തിനുമുമ്പ് സമീപത്തെ ചായക്കടയിൽനിന്ന് തിരികെ മുറിയിലേക്ക് പോകുമ്പോൾ രണ്ടുപേരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടിരുന്നതായും രണ്ടാംനിലയിലേക്ക് എത്തിയപ്പോൾ ഇവർ മുന്നിലും പിന്നിലുംനിന്ന് ആക്രമിച്ചെന്നും പറയുന്നു. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയകാരണമാണെന്ന് പൊലീസ് കരുതുന്നില്ല. പൊലീസ് അന്വേഷണം തുടങ്ങി​.