ബൈക്ക് യാത്രക്കാരനായ ഉസ്താദിന് ലോറിക്കടിയിൽപ്പെട്ട് ദാരുണാന്ത്യം
മരട്: ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ ഉസ്താദിന് ദാരുണാന്ത്യം. തൊടുപുഴ ഉടുമ്പന്നൂർ ഇടമുറക് ഷിഹാബ് കെ.എ (40) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ഓടെ ഗാന്ധിസ്ക്വയർ മിനി ബൈപ്പാസ് ജംഗ്ഷനടുത്തായിരുന്നു അപകടം. കൊച്ചി നാച്ചിയ പള്ളിയിലെ ഉസ്താദായിരുന്ന ഷിഹാബ് മദ്രസ കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെ മിനി ബൈപ്പാസ് റോഡിൽ എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് റബർ എടുക്കാൻ പോകുകയായിരുന്നു ലോറി.
ലോറിക്കടിയിൽപ്പെട്ട ഷിഹാബിന്റെ തലയിലൂടെ ചക്രങ്ങൾ കയറിയിറങ്ങി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. എസ്.എം.എ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയും എസ്. വൈ. എസ് ഇടുക്കി ജില്ലാ സെക്രട്ടറിയും ആയിരുന്നു അപകടത്തിൽ മരിച്ച ഷിഹാബ്. മരട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടർന്ന് മിനി ബൈപ്പാസ് റോഡിലും മരട്-പേട്ട റോഡിലും ഗതാഗത കുരുക്കും അനുഭവപ്പെട്ടു.