വാരപ്പെട്ടി കൊലപാതകം: പ്രതി ഫ്രാൻസിസ് അറസ്റ്റിൽ
കോതമംഗലം: വാരപ്പെട്ടി ഏറാമ്പ്രയിൽ പരേതനായ അരഞ്ഞാണി ജോണിന്റെ മകൻ സിജോ ജോണിനെ (44) കൊലപ്പെടുത്തിയ കേസിലെ പ്രതി കൂറ്റപ്പിള്ളിൽ ഫ്രാൻസിസിനെ (55) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഫ്രാൻസിസിന്റെ ഒറ്റമുറി വീട്ടിൽവച്ചാണ് കൊലപാതകം നടന്നത്. സുഹൃത്തുകളായ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി. തുടർന്ന് ഫ്രാൻസിസ് ബെഡ്ഷീറ്റുകൊണ്ട് സിജോയുടെ കഴുത്തിൽ മുറുക്കുകയും ചിരവകൊണ്ട് അടിക്കുകയും ചെയ്തു. ചിരവ ഒടിഞ്ഞപ്പോൾ പിക്കാക്സ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി ഒൻപതുമണിയോടെയാണ് കൊലപാതകവിവരം പുറംലോകം അറിയുന്നത്. പുറത്തുപോയിവന്നപ്പോൾ സിജോ തന്റെ വീടിനുള്ളിൽ മരിച്ചുകിടക്കുന്നതായി കണ്ടുവെന്നായിരുന്നു ഫ്രാൻസിസ് അയൽവാസികളോട് പറഞ്ഞത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. വീടിനുള്ളിൽ കട്ടിലിൽ കിടക്കുന്ന വിധത്തിലായിരുന്നു സിജോയുടെ മൃതദേഹം. തല പൊളിഞ്ഞ് രക്തം ഒഴുകിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് സിജോയെ കൊന്നതെന്ന് പറഞ്ഞ് പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്. മദ്യലഹരി ഇറങ്ങിയശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പണമിടപാടിന്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നും മൂന്നിനും ഇടയിലായിരുന്നു കൊലപാതകം. മൃതദേഹം മണിക്കൂറുകളോളമാണ് ഫ്രാൻസിസിന്റെ വീടിനുള്ളിൽ കിടന്നത്. ഇതിനിടയിൽ ഫ്രാൻസിസ് പലതവണ വീടിന് പുറത്തുപോയി വന്നിരുന്നു. ഇന്നലെ സന്ധ്യയോടെ പ്രതിയെ സംഭവസ്ഥലത്തുകൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ വീടിനുള്ളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണത്തിന് ഡിവൈ.എസ്.പി. പി.എൻ. ബൈജു, ഇൻസ്പെക്ടർ പി.ടി. ബിജോയി എന്നിവർ നേതൃത്വം നൽകി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. കൊല്ലപ്പെട്ട സിജോ അവിവാഹിതനാണ്. മാതാവ്: റോസിലി. സഹോദരങ്ങൾ: ഷിബി, ഷീബ.