"ബിജെപി മേയർ വന്നാൽ തലസ്ഥാന നഗരത്തിന്റെ അടുത്ത അഞ്ച് വർഷത്തെ വികസന രേഖ പ്രധാനമന്ത്രി അവതരിപ്പിക്കും "

Wednesday 19 November 2025 9:09 PM IST

തിരുവനന്തപുരം: ബി.ജെ.പി തിരുവനന്തപുരം നഗരസഭയിൽ അധികാരത്തിൽ വന്നാൽ അഴിമതി പൂജ്യം ശതമാനം ആക്കുമെന്നും നാല്പത്തഞ്ച് ദിവസത്തിനുള്ളിൽ നഗരത്തിന്റെ അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള വികസന രേഖ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിക്കുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരസഭയിലേക്കുള്ള എൻ,​ഡി,​എയുടെ 101 സ്ഥാനാർത്ഥികളെയും പരിചയപ്പെടുത്തിയുള്ള വികസിത അനന്തപുരി പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ തിരഞ്ഞടുപ്പ് നഗരവാസികൾ നിർണായകമായി കാണുന്നു. മാറ്റം കൊണ്ടു വരാൻ പ്രാപ്തമായ പാർട്ടി ആഖജ യാണെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും ബി.ജെ.പി യെ വർഗ്ഗീയ പാർട്ടി എന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഡിയാക്കാൻ ഇനി പറ്റില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. . നഗരസഭയിൽ കഴിഞ്ഞ പത്ത് വർഷമായി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുന്ന ബി ജെ പി ക്ക് നഗര സഭയുടെ അഴിമതികൾ എല്ലാം തന്നെ ജനസമക്ഷത്ത് എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തെക്കൻ സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളിൽ ഏറ്റവും വികസന കുറവ് തിരുവനന്തപുരത്താണെന്നും ബി.ജെപി. മേയർ വന്നാൽ അതിന് മാറ്റം ഉണ്ടാവുമെന്നും യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന ബി.ജെ.പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു. എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ പി.കെ. കൃഷ്ണദാസ്, സംസ്ഥാന ഉപാദ്ധ്യക്ഷരായ ശ്രീലേഖ,​കെ.സോമൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി.വി .രാജേഷ്, ബി.ജെ.പി നേതാക്കളായ എ .എൻ. രാധാകൃഷ്ണൻ, പി. അശോക് കുമാർ, എൻ.ഡി.എ നേതാക്കളായ പ്രേംരാജ്, അഡ്വ. പേരൂർക്കട ഹരികുമാർ, നെടു മങ്ങാട് രാജേഷ്, വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.